c
ഒന്നും അറിയാതെ തദ്ദേശസ്ഥാപനങ്ങൾ

 വിദേശത്ത് നിന്ന് എത്തുന്നവരുടെ വിവരങ്ങളില്ല

കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ നിന്നിരുന്ന തദ്ദേശ സ്ഥാപനങ്ങൾ ഇപ്പോൾ തങ്ങളുടെ പരിധിയിൽ വിദേശത്ത് നിന്ന് ആളെത്തുന്നത് പോലും അറിയുന്നില്ല. ആരോഗ്യവകുപ്പിന് പകരം റവന്യൂ വിഭാഗം ഏകോപന ചുമതലയിലേക്ക് വന്നതോടെയാണ് സർക്കാർ വകുപ്പുകൾ തമ്മിലുള്ള ആശയവിനിമയ സംവിധാനം താറുമാറായത്.

കൊവിഡ് പ്രതിരോധത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണം, പൊലീസ് എന്നീ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിലാണ് മുന്നോട്ടുപോയത്. ജില്ലാതലം മുതൽ വാർഡ് തലം വരെ ജനപത്രിനിധികളും ഈ മൂന്ന് വകുപ്പുകളിലെ ഉദ്യോഗസ്ഥരും തമ്മിൽ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. കൊവിഡിന്റെ ആദ്യഘട്ടത്തിൽ വിദേശത്ത് നിന്ന് വന്നവരുടെയെല്ലാം വിവരങ്ങൾ സമാഹരിച്ച് തദ്ദേശ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾക്കും കൈമാറിയിരുന്നതും ആരോഗ്യ വകുപ്പാണ്. രോഗം സ്ഥീരികരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയതും ഈ മൂന്ന് വകുപ്പുകളും ചേർന്നാണ്. മൂന്നാംഘട്ടമായ പ്രവാസികളെയും അന്യസംസ്ഥാനങ്ങളിലുള്ളവരെയും മടക്കിയെത്തിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴാണ് റവന്യൂ വകുപ്പ് ഏകോപന ചുമതല ഏറ്റെടുത്തത്.

കൊവിഡിന്റെ ആദ്യഘട്ടത്തിൽ വിദേശത്ത് നിന്ന് ഒരാൾ വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ അയാളുടെ തദ്ദേശ സ്ഥാപനത്തെ ആരോഗ്യ വകുപ്പ് വിവരം അറിയിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ മടങ്ങിയെത്തുന്ന പ്രവാസികൾ തങ്ങളുടെ പ്രദേശത്തെ ക്വാറന്റൈൻ സെന്ററുകളിൽ പ്രവേശിപ്പിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾ അറിയുന്നില്ല.

നേരത്തെ അന്യസംസ്ഥാനത്ത് നിന്ന് ഒരാൾ എത്തിയാൽ കൊവിഡ് പ്രോട്ടോക്കാൾ പ്രകാരം നിരീക്ഷണത്തിൽ കഴിയാൻ ടോയ്‌ലെറ്റ് അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടോയെന്ന് മൂന്ന് വകുപ്പുകളും സംയുക്തമായി അന്വേഷിക്കുമായിരുന്നു. ഇവർ നിരീക്ഷണം ലംഘിക്കുന്നുണ്ടോയെന്ന അന്വേഷണവും നടന്നിരുന്നു. വിവരങ്ങൾ കൃത്യമായി ലഭിക്കാത്തതിനാൽ ഇത്തരം പ്രവർത്തനങ്ങൾ താറുമാറായേക്കും.