കൊല്ലം: അനാഥാലയത്തിന്റെ നാല് ചുവരുകൾക്കുള്ളിലാണ് വളർന്നതെങ്കിലും കൊല്ലം കളക്ടർ ബി.അബ്ദുൾ നാസറിന് അമ്മയെപ്പറ്റി പറയാൻ നൂറുനാവാണ്. ഇല്ലായ്മകളുടെ സങ്കടങ്ങൾക്കിടയിലും ഒരുപിടി നല്ലോർമ്മയാണ് അബ്ദുൾ നാസറിന്റെ ഉമ്മ മഞ്ഞുമ്മ ഹജ്ജുമ്മ. നാട്ടിൽ എല്ലാവരുടെയും ആത്തയാണ് ആ ഉമ്മച്ചി.
മാതൃദിനത്തിൽ ഉമ്മച്ചിയെപ്പറ്റി കളക്ടർ ബ്രോ പറഞ്ഞതിങ്ങനെ:-"
ഇതു എന്റെ ഉമ്മ..മഞ്ഞുമ്മ ഹജ്‌ജുമ്മ... എല്ലാവർക്കും ആത്ത...
എന്റെയും എന്റെ സഹോദരങ്ങളുടെയും ഒക്കെ എല്ലാം എല്ലാം ആയിരുന്നു...
അല്ല, തിരിച്ചാണ്-ഉമ്മാക്ക് ഞങ്ങളായിരുന്നു എല്ലാം. പ്രത്യേകിച്ചു ഏറ്റവും ഇളയവനായ ഞാൻ.
എന്റെ എന്തു കാര്യത്തിനും ഇരു പാട് മുൻഗണനയായിയിരുന്നു കിട്ടിയതു. ഞാൻ ആയിരുന്നു എന്റെ ഉമ്മാന്റെ പ്രതീക്ഷ. എന്നെ എന്തൊക്കെ പഠിപ്പിച്ചു എന്നു പറയുക പ്രയാസം. എല്ലാം എന്നു ചുരുക്കി പറയാം.
വലിയ ഒരു ഇരുമ്പു മറയായിരുന്നു തിന്മയുടെ ലോകത്തിൽ നിന്നും ഉമ്മ എന്നെയൊക്കെ സുരക്ഷിതമാക്കാൻ കെട്ടിയുണ്ടാക്കിയത്. നന്മയുടെ ഒരുപാട് വാതിലുകളാണ് എപ്പോഴും തുറന്നു വെച്ചിരുന്നത്.
കരുതലും ശ്രദ്ധയും. ഒഴുകി ഒഴുകി കൊണ്ടിരിക്കുന്ന സ്‌നേഹവും വാത്സല്യവും. അതാണ് ആ ഉമ്മ. ഇല്ലായ്മയിൽ ഒരിക്കൽ പോലും എനിക്കു പ്രയാസങ്ങൾ വരാതെ കാക്കുമായിരുന്നു. ഉള്ളത് അതിനേക്കാൾ പ്രയാസമുള്ളവരെ കണ്ടാൽ പൂർണമായും വിട്ടു കൊടുക്കാനും എതിർക്കുന്നവരെ പോലും സ്നേഹത്തോടെ കാണാനും സഹായിക്കാനും വല്ലാത്ത സ്നേഹത്തോടെ പഠിപ്പിച്ചു. അതു ഉമ്മാക്ക് കിട്ടുന്ന ചെറിയ സഹായങ്ങൾ പോലും മറ്റുള്ളവർക്കായി ബാക്കി വെച്ചു കൊണ്ടും. സ്വയം പ്രയാസവും വേദനയും വിശപ്പും ഒക്കെ സഹിച്ചു കൊണ്ടു പോലും.
രോഗികളെയും അവശരേയും ഒരു മുഖചുളിവും ഇല്ലാതെ പരിചരിക്കുമ്പോൾ പോലും ആ സ്നേഹവും കരുണയും പ്രകാശിച്ചിരുന്നു. നാട്ടുകാർക്കൊക്കെ ആത്തയായി എല്ലാവർക്കും സ്നേഹം വിളമ്പുന്ന അമ്മയായി കരകൗശല ശില്പങ്ങൾ വരെ ഉണ്ടാക്കിയ കലാകാരിയായി അല്പമൊക്കെ കവിതകളും പഴയ ഈണങ്ങളും വേദനയിൽ പങ്കുവെക്കുന്ന കൂട്ടുകാരിയായി മരിക്കും വരെ നല്ല സൗഹൃദങ്ങൾ നിലനിർത്തിയ ഉമ്മയാണ് എനിക്ക് ഈ മാതൃ ദിനത്തിൽ പരിചയപ്പെടുത്തുവാനുള്ളത്. ഒരു പാട് വലിയ മാതൃക. ഇപ്പൊഴും അതു എന്നെ നയിക്കുന്നു.
വലിയ തറവാട്ടിൽ പിറന്നിട്ടും അതിലും വലിയ തറവാട്ടിലെ വിദ്യാസമ്പന്നനെ തന്നെ ജീവിതത്തിൽ കിട്ടിയിട്ടും അല്പമെങ്കിലും സുഖമുള്ള അനുഭവങ്ങൾ അവസാന കാലം മാത്രമേ ലഭിച്ചുള്ളൂ. എങ്കിലും ആരോടും പരിഭവവും പരാതിയും പറയാതെ ഞങ്ങളെ വിട്ടു ദൈവസാന്നിധ്യം പൂകിയ എന്റെ ഉമ്മാക്ക് സ്വർഗീയ ആരാമം പടച്ച തമ്പുരാൻ നൽകട്ടെ എന്നു പ്രാർത്തിക്കുന്നു. അതാണ് അവന്റെ നീതി. ഇതു പോലെ കൊല്ലത്തും തലശ്ശേരിയിലും നമ്മുടെ നാട്ടിൽ എല്ലായിടത്തുമുള്ള അമ്മമാർക്കും രക്ഷിതാക്കൾക്കും ഈ ദിനം സമർപ്പിക്കുന്നു."
ബാപ്പയുടെ മരണത്തെത്തുടർന്നാണ് പട്ടിണിയിലായ കുടുംബത്തിൽ നിന്നും അബ്ദുൾ നാസറിനെ അനാഥാലയത്തിലേക്ക് പറിച്ച് നടേണ്ടി വന്നത്. അബ്ദുൾ നാസറിന് അഞ്ച് വയസുള്ളപ്പോഴായിരുന്നു വാപ്പ മരിച്ചത്. നാല് സഹോദരിമാരടങ്ങുന്ന കുടുംബത്തിൽ നിന്നും പട്ടിണിയില്ലാതെ കഴിയാനും പഠിക്കാനുമാണ് ഉമ്മച്ചിയുടെ ഉപദേശപ്രകാരം അനാഥാലയത്തിലേക്ക് മാറിയത്. തലശേരി ദാറുൽസലാം, തൃശൂർ വാടാനപ്പള്ളി ഇസ്ളാമിക കോളേജ് ഫോർ ഓർഫനേജ് എന്നീ അനാഥാലയങ്ങളുടെ തണലിലായിരുന്നു അബ്ദുൾ നാസറിന്റെ പഠനകാലം. 2012 ബാച്ചിൽ ഐ.എ.എസ് ലഭിച്ചു. കൊല്ലത്തെ ജനകീയനായ കളക്ടറായി ഇപ്പോഴും തിളങ്ങുകയാണ് അബ്ദുൾ നാസർ.