മാതൃദിനത്തിൽ ഉമ്മച്ചിയെക്കുറിച്ച് കളക്ടർ ബ്രോ
കൊല്ലം: അനാഥാലയത്തിന്റെ നാല് ചുവരുകൾക്കുള്ളിലാണ് വളർന്നതെങ്കിലും കൊല്ലം കളക്ടർ ബി. അബ്ദുൽ നാസറിന് അമ്മയെപ്പറ്റി പറയാൻ നൂറുനാവാണ്. ഇല്ലായ്മകൾക്കിടയിലും ഒരുപിടി നല്ലോർമ്മയാണ് ഉമ്മ മഞ്ഞുമ്മ ഹജ്ജുമ്മ. നാട്ടിൽ എല്ലാവരുടെയും ആത്തയാണ് ഉമ്മച്ചി.
മാതൃദിനത്തിൽ ഉമ്മച്ചിയെപ്പറ്റി കളക്ടർ ബ്രോ പറയുന്നതിങ്ങനെ: " ഇതു എന്റെ ഉമ്മ.. മഞ്ഞുമ്മ ഹജ്‌ജുമ്മ... എല്ലാവരുടെയും ആത്ത... എന്റെയും സഹോദരങ്ങളുടെയും ഒക്കെ എല്ലാമായിരുന്നു... അല്ല, ഉമ്മായ്ക്ക് ഞങ്ങളായിരുന്നു എല്ലാം. ഇളയവനായ എന്നോട് പ്രത്യേക പരിഗണയുമുണ്ടായിരുന്നു. പ്രയാസമുള്ളവർക്ക് വിട്ടുകൊടുക്കാനും എതിർക്കുന്നവരെ സ്നേഹിക്കാനും പഠിപ്പിച്ചു. പ്രയാസവും വേദനയും വിശപ്പും ഒക്കെ സഹിച്ചാണ് ഉമ്മ ഞങ്ങളെ പോറ്റിയത്. എല്ലാവർക്കും സ്നേഹം വിളമ്പുന്ന ഉമ്മ കരകൗശല ശില്പങ്ങൾ നിർമ്മിച്ചിരുന്നു. അല്പം കവിതയും പഴയ ഈണങ്ങളും ഒക്കെയായി മരിക്കും വരെ നല്ല കൂട്ടുകാരിയായിരുന്നു.
വലിയ തറവാട്ടിൽ പിറന്നിട്ടും അതിലും വലിയ തറവാട്ടിലെ വിദ്യാസമ്പന്നനെ ജീവിതത്തിൽ കിട്ടിയിട്ടും അല്പമെങ്കിലും സുഖമുള്ള അനുഭവങ്ങൾ ലഭിച്ചത് അവസാന കാലത്ത് മാത്രമാണ്. എങ്കിലും ആരോടും പരിഭവം പറയാതെയാണ് ഉമ്മ ദൈവസന്നിധിയെത്തിയത്.
ബാപ്പയുടെ മരണത്തോടെയാണ് പട്ടിണിയിലായ കുടുംബത്തിൽ നിന്ന് അഞ്ച് വയസുകാരനായ അബ്ദുൽ നാസറിനെ അനാഥാലയത്തിലേക്ക് പറിച്ചുനട്ടത്. നാല് സഹോദരിമാരടങ്ങുന്ന കുടുംബത്തിൽ നിന്ന് പട്ടിണിയില്ലാതെ കഴിയാനും പഠിക്കാനുമായിരുന്നു ഉമ്മച്ചിയുടെ ഉപദേശം. തലശേരി ദാറുൽസലാം, തൃശൂർ വാടാനപ്പള്ളി ഇസ്ളാമിക കോളേജ് ഫോർ ഓർഫനേജ് എന്നീ അനാഥാലയങ്ങളുടെ തണലിലായിരുന്നു പഠനം. 2012 ബാച്ചിൽ ഐ.എ.എസ് ലഭിച്ചു. കൊല്ലത്തെ ജനകീയ കളക്ടറായി ഇപ്പോഴും തിളങ്ങുകയാണ് അദ്ദേഹം.