കൊല്ലം: വീട്ടിലെ അടുക്കളയിൽ ചാരായം വാറ്റുന്നതിനിടയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. എഴുകോൺ അമ്പലത്തുംകാല ജീവൻസിൽ ജീവൻ സുരേഷ് (36), നെടുവത്തൂർ പിണറ്റിൻമൂട് കോമളത്ത് പുത്തൻവീട്ടിൽ മഹേഷ് (33), കാക്കക്കോട്ടൂർ അമ്പലത്തുംകാല അഭിലാഷ് ഭവനിൽ അഭിലാഷ് (34) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 9.30 ഓടെ റൂറൽ എസ്.പി നിയോഗിച്ച ഡാൻസാഫിന്റെ നേതൃത്വത്തിലാണ് വ്യാജവാറ്റ് കണ്ടെത്തിയത്. മഹേഷിന്റെ വീട്ടിലെ അടുക്കളയിലാണ് കുക്കർ ഉപയോഗിച്ച് ചാരായം വാറ്റിയത്. ഇയാളുടെ അച്ഛൻ നേരത്തെ മരണപ്പെട്ടതിനാൽ അമ്മയെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയ ശേഷമായിരുന്നു ചാരായം വാറ്റാൻ സൗകര്യമൊരുക്കിയത്. അഭിലാഷ് മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. പൊലീസ് എത്തിയപ്പോൾ പ്രതികൾ ചാരായം വാറ്റുകയും ഒപ്പം കുടിക്കുകയുമായിരുന്നു. വാറ്റ് ഉപകരണങ്ങളും കോടയും അടുത്ത തവണത്തേക്ക് കോട കലക്കാനായി പൊടിച്ചുവച്ചിരുന്ന പത്ത് കിലോ ശർക്കരയും പൊലീസ് പിടിച്ചെടുത്തു. മുമ്പും പലതവണ ചാരായം വാറ്റിയതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
കൊട്ടാരക്കര എസ്.ഐ രാജീവ്, ഡാൻസാഫ് ടീം അംഗങ്ങളായ ആഷിക് കോഹൂർ, രാധാകൃഷ്ണൻ, ബാബുക്കുറുപ്പ്, സന്തോഷ്, അനിൽകുമാർ, ഷിബു കൃഷ്ണൻ, അനിൽ കോമത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.