boat
ലോക്ക് ഡൗൺ ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് പിടിച്ചെടുത്ത ബോട്ടുകൾ

 30 മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ

കൊല്ലം: ലോക്ക് ഡൗൺ ലംഘിച്ച് മത്സ്യബന്ധത്തിലേർപ്പെട്ട അഞ്ച് ബോട്ടുകൾ പിടികൂടി. നാല് ബോട്ടുകൾ നീണ്ടകര കോസ്റ്റൽ പൊലീസും ഒരു ബോട്ട് മറെൻ എൻഫോഴ്സ്‌മെന്റ് വിഭാഗവുമാണ് പിടികൂടിയത്. കോസ്റ്റൽ ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുലർച്ചെ കടലിൽ പരിശോധന നടത്തിയത്.

തങ്കശേരി സ്വദേശി അലക്സ് പീറ്ററുടെ ഉടമസ്ഥതയിലുള്ള പേൾസ്- 1, ശക്തികുളങ്ങര സ്വദേശി അരവിന്ദാക്ഷന്റെ കമലമ്മ, കാവനാട് സ്വദേശി ആന്റണി ബെർണാഡിന്റെ ഒസാന്ത്യൻ, അഴീക്കൽ സ്വദേശി ബാബുവിന്റെ നിഖിത, ശക്തികുളങ്ങര സക്കറിയ ജോണിന്റെ സിയാൻ എന്നീ ബോട്ടുകളാണ് പിടികൂടിയത്. സ്രാങ്കുമാരുൾപ്പെടെ 30 പേരെ അറസ്റ്റ് ചെയ്തു. ബോട്ട് ഉടമസ്ഥരെയും പ്രതികളാക്കി.

ഇത് രണ്ടാം തവണയാണ് നീണ്ടകരയിൽ ലോക്ക് ഡൗൺ ലംഘനത്തിന് ബോട്ടുകൾ പിടികൂടുന്നത്. രണ്ടാഴ്ച മുമ്പ് മൂന്ന് ബോട്ടുകൾ പിടികൂടി കേസെടുക്കുകയും തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിലവിൽ ഫിഷറീസ് ഓഫീസിൽ രജിസ്റ്റർ ചെയ്ത് പാസ് വാങ്ങിയെങ്കിൽ മാത്രമേ മത്സ്യബന്ധനത്തിന് പോകാൻ കഴിയുകയുള്ളൂ. കൂടാതെ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണായതിനാൽ മത്സ്യബന്ധനത്തിന് അനുമതിയില്ല. ബോട്ടുകളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ഫിഷറീസ് വകുപ്പിന് കത്ത് നൽകും.

കോസ്റ്റൽ സി.ഐ എസ്.ഷെറീഫ്, എസ്.ഐമാരായ സഞ്ജയൻ, പ്രശാന്ത്, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒ വിശ്വനാഥൻ, സ്രാങ്ക് ജോസഫ്, ഡ്രൈവർ ഹരീഷ്, ലാസ്കർ ഇമ്മാനുവൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് ബോട്ടുകൾ പിടികൂടിയത്.