കൊല്ലം: സ്പിന്നിംഗ് മിൽ ചെയർമാന്റെ ഡ്രൈവറെയും സുഹൃത്തിനെയും റബ്ബർ പുരയിടത്തിൽ ചാരായം വാറ്റിയതിന് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ കരവാളൂർ മണിയാർ ഒറ്റാലിപ്പള്ളി കിഴക്കേക്കര വീട്ടിൽ ബാബു(36), ഒറ്റാലിപ്പള്ളി ചരുവിള പുത്തൻവീട്ടിൽ രാജേഷ്(33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഒപ്പമുണ്ടായിരുന്ന മണിയാർ പരവട്ടം പന്നിക്കോണം പുത്തൻവീട്ടിൽ വിഷ്ണു(28) ഓടി രക്ഷപെട്ടെങ്കിലും ഇയാളെയും പ്രതിചേർത്തു. റബ്ബർ പുരയിടത്തിൽ ചാരായം വാറ്റുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുനലൂർ സി.ഐ ബിനു വർഗ്ഗീസ്, എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഇവിടെ ചെന്നത്. പൊലീസ് സംഘമെത്തിയതും മൂവർ സംഘം ഓടി രക്ഷപെടാൻ ശ്രമിച്ചു. സാഹസികമായിട്ടാണ് ബാബുവിനെയും രാജേഷിനെയും പിടികൂടിയത്. 20 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സ്പിന്നിംഗ് മിൽ ചെയർമാൻ ജോർജ്ജ് മാത്യുവിന്റെ ഡ്രൈവറാണ് പിടിയിലായ ബാബു.