ലോക്ക് ഡൗണില്‍ സഹോദരന്‍ തലയില്‍ ക്രീം തേച്ചുതരുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതിന് നടി അനുശ്രീയോട് വളരെ സ്നേഹത്തോടെയാണ് ആളുകള്‍ പ്രതികരിച്ചത്. എന്നാല്‍ ചില ആളുകള്‍ അതില്‍ കുറ്റം കണ്ടെത്തുകയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇവര്‍ക്ക് മറുപടിയുമായി അനുശ്രീ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കമന്റുകളിട്ടവരുടെ പേരെടുത്ത് പറഞ്ഞാണ് അനുശ്രീ ഫേസ്ബുക്ക് പേജില്‍ ലൈവിലെത്തിയത്. ഇവരെ നേരിട്ട് കാണാനായാല്‍ വിശദമായി മറുപടി നല്‍കാമെന്നും അനുശ്രീ പറയുന്നു. ആങ്ങളയ്ക്ക് അനുശ്രീയെക്കൊണ്ട് കാര്യമുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ താന്‍ ജീവിക്കുന്ന കുടുംബത്തില്‍ അച്ഛനും അമ്മയും ചേട്ടനും അനിയത്തിയുമൊക്കെ പരസ്പരം സ്നേഹിച്ചു സഹകരിച്ചും തന്നെയാണ് കഴിയുന്നതെന്നും പരസ്പരം ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും താരം പറയുന്നു.
ജനിച്ചപ്പോഴേ സിനിമാ നടിയായിരുന്നില്ല. സഹോദരന്‍ തലയില്‍ ക്രീം പുരട്ടിത്തരുന്നതും മുടി കെട്ടിത്തരുന്നതും പുതിയ കാര്യമല്ല. ഇന്‍സ്റ്റഗ്രാമില്‍ ആ പോസ്റ്റിന് കിട്ടിയ കുറേ കമന്റുകള്‍ ഇഷ്ടമായില്ല. ആങ്ങളയും പെങ്ങളുമല്ലേ എന്ന പരിഗണന ആ ഫോട്ടോക്ക് നല്‍കാമായിരുന്നു. ഫേസ്ബുക്ക് പേജില്‍ നിന്ന് ഇവര്‍ക്കൊന്നും മറുപടി നല്‍കാന്‍ പറ്റാതിരുന്നത് കൊണ്ടാണ് ലൈവില്‍ വന്നത്. അനിയത്തി ജോലി ചെയ്ത് പണമുണ്ടാക്കി ചേട്ടന് കൊടുക്കുന്നുവെന്ന കമന്റിന്, അതുകൊണ്ട് ചേട്ടന് എന്താണ് കുഴപ്പമെന്നാണ് അനുശ്രീയുടെ മറുപടി. കുടുംബാംഗങ്ങളിലൊരാളുടെ വരുമാനം ആ കുടുംബത്തിന്റേതാണ് എന്നാണ് ചിന്തിക്കുന്നതെന്നും അനുശ്രീ. ചേട്ടന്‍ ജോലി ചെയ്യുന്നത് കൊണ്ട് വരുമാനമുണ്ട്, അഥവാ ഇല്ലെങ്കില്‍ ഞാന്‍ കൊടുക്കും.
ഊളപോസ്റ്റിടാന്‍ വേറെ പണിയില്ലേ എന്ന കമന്റിന് എന്റെ നിലവാരത്തിനാണ് എന്റെ പോസ്റ്റുകള്‍. അത് ഊളയാണെന്ന് തോന്നുന്നുവെങ്കില്‍ ചേട്ടന്റെ ബുദ്ധിക്കൊത്ത പോസ്റ്റുകള്‍ ചേട്ടന്റെ പേജില്‍ ഇടൂ എന്ന് അനുശ്രീ. ഇവളെ പോലെ ഓവറാക്ടിംഗ് വെറുപ്പിക്കുന്ന ആള്‍ വേറെയില്ല എന്ന കമന്റിന് സിനിമയില്‍ വന്ന് എട്ട് വര്‍ഷമായി, ഓവറാക്ടിംഗ് കൊടുക്കേണ്ട കഥാപാത്രമായത് കൊണ്ടാവും എട്ട് വര്‍ഷമായി സിനിമ ലഭിക്കുന്നതെന്ന് മറുപടി. ജീവിതത്തില്‍ ഓവറാക്ടിംഗ് ആണോ എന്ന് പറയാന്‍ ചേട്ടന് മുന്‍പ് പരിചയമില്ലല്ലോ എന്നും അനുശ്രീ.
'അവള്‍ക്കൊരു ചെറുക്കനെ ഒപ്പിച്ച് കൊടുക്ക്, കെട്ടിച്ചുവിടാറായില്ലേ' തുടങ്ങിയ കമന്റുകള്‍ക്ക് കെട്ടാന്‍ മുട്ടി നില്‍ക്കുകയല്ലെന്നും കെട്ടിയാല്‍ നിങ്ങളുടെ അടുത്ത ചോദ്യം ഡിവോഴ്‌സ് എന്നാണ് എന്നിയിരിക്കില്ലേ എന്നും അനുശ്രീയുടെ മറുപടി.നെഗറ്റീവ് കമന്റ് നല്‍കിയവരുടെ ഫോണ്‍ നമ്ബരുകള്‍ ഉണ്ടായിരുന്നെങ്കില്‍ നേരില്‍ വിളിച്ച് മറുപടി പറഞ്ഞേനെ എന്നും അതിന് സാഹചര്യമില്ലാത്തതുകൊണ്ടാണ് ലൈവില്‍ വന്നതെന്നും അനുശ്രീ വ്യക്തമാക്കി.