കുന്നത്തൂർ: അപ്രതീക്ഷിതമായാണ് ഉമ്മൻ ചാണ്ടിയുടെ ഫോണിലേക്ക് കൊല്ലം ശൂരനാട് വടക്ക് തെക്കേമുറി ഉഷസിൽ ഉഷയുടെ വിളിയെത്തിയത്. വിവരം അന്വേഷിച്ച അദ്ദേഹത്തോട് ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ഭർത്താവ് ജയന്റെ ജീവൻ നിലനിറുത്താനുള്ള മരുന്നുകൾ തീർന്നെന്ന വിവരം അറിയിക്കുന്നത്. വ്യക്കരോഗത്തിനൊപ്പം ഷുഗർ ബാധിച്ച് രണ്ട് കണ്ണിന്റെയും കാഴ്ച ജയന് നഷ്ടപ്പെട്ടിരിക്കുന്നു. ലോക്ക് ഡൗൺ ആയതിനാൽ വീട്ടിലെ അവസ്ഥയും വളരെ ദയനീയം. വേണ്ടതെല്ലാം ഉടനെ ഏർപ്പാടാക്കാമെന്ന ഉമ്മൻ ചാണ്ടിയുടെ മറുപടിയിൽ ഉഷ ആശ്വാസം കണ്ടെത്തി. തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ ശാസ്താംകോട്ട സുധീർ ഉഷയുടെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിക്കുകയും മണിക്കൂറുകൾക്കുള്ളിൽ ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കുകയും ചെയ്തു. ഇതിനൊപ്പം ഭക്ഷ്യധാന്യ കിറ്റുകളും കൈമാറി. അഞ്ച് വർഷം മുമ്പാണ് 49കാരനായ ജയനെ വ്യക്കരോഗം വേട്ടയാടിയത്. ഇതോടെ ജോലിക്കു പോലും പോകാൻ കഴിയാതെ ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന നിർദ്ധന കുടുംബം കടക്കെണിയിലായി. ഉഷയ്ക്ക് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ താത്ക്കാലികമായി ഉണ്ടായിരുന്ന ജോലി കൂടി നഷ്ടപ്പെട്ടതോടെ കുടുംബത്തിന്റെ പ്രതീക്ഷകളും ഇരുളടഞ്ഞു. കഴിഞ്ഞ ജനുവരിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഉഷയ്ക്ക് ജോലിക്ക് പോകാനും കഴിയുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണമ്മൂല നേത്രരോഗ ആശുപത്രിയിലുമാണ് ജയന്റെ ചികിത്സ നടന്നു വരുന്നത്. ശാസ്താംകോട്ട സുധീറിനൊപ്പം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ എച്ച്. അബ്ദുൾ ഖലീൽ, ഷൈജു ശൂരനാട്, അർത്തിയിൽ ഷെഫീക്ക്, ദിലീപ് കുരുവിക്കുളം, മാവിളയിൽ ഷെഫീക്ക്, അൻസു ശൂരനാട്,അരുൺ ആന്റണി എന്നിവരും സഹായം കൈമാറാനെത്തിയിരുന്നു.