photo
നല്ലിലയിൽ വീടുകൾക്ക് മുന്നിൽ കാണപ്പെട്ട അറവുശാല മാലിന്യം

കുണ്ടറ: നെടുമ്പന ഗ്രാമപഞ്ചായത്ത് നല്ലിലയിൽ പുന്നൂർ മുതൽ ഇ.എസ്.ഐ വരെ നാല് കിലോമീറ്ററോളം ഭാഗത്ത് വീടുകൾക്ക് മുന്നിലായി അറവുശാല മാലിന്യം തള്ളിയ നിലയിൽ. ഇന്നലെ രാവിലെയാണ് പ്രദേശത്ത് മാംസാവശിഷ്ടങ്ങൾ അടങ്ങുന്ന മാലിന്യം വീടുകൾക്ക് മുന്നിൽ വാരിവിതറിയ നിലയിൽ കാണപ്പെട്ടത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലും നല്ലില രണ്ടാം വാർഡിലുമാണ് മാലിന്യം തള്ളിയത്. ദുർഗന്ധം സഹിക്കവയ്യാതെ ഒടുവിൽ നാട്ടുകാർ തന്നെ മാലിന്യം കുഴിവെട്ടി മൂടുകയായിരുന്നു.

മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലാത്തതിനാൽ പഞ്ചായത്ത് പരിധിയിൽ അറവുശാലകൾക്ക് അനുമതി നൽകിയിട്ടില്ല. അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകളാണ് പഞ്ചായത്തിലുള്ളത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ മൗനാനുമതിയോടെയാണ് ഇവ പ്രവർത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്. പഞ്ചായത്തിലെ അനധികൃത അറവുശാലകൾ അടിയന്തരമായി അടച്ചുപൂട്ടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.