u7
നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തുന്നിയ മാസ്കുകളുമായി അന്തേവാസികളും ജീവനക്കാരും

പത്തനാപുരം: പട്ടാഴി വടക്കേക്കര ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന നന്മ ചാരിറ്റബിൾ ട്രസ്റ്റായ ശാന്തിതീരത്തിലെ അഗതികളായ അമ്മമാർ കൊവി‌‌ഡ് 19 പ്രതിരോധത്തിനുള്ള മാസ്കുകൾ തുന്നി മാതൃകയാകുന്നു. വൈറസ് ബാധയുടെ ആദ്യഘട്ടത്തിൽ അയ്യായിരത്തോളം മാസ്കുകൾ തുന്നി സൗജന്യമായി വിതരണം ചെയ്തിരുന്നു. കൊവിഡ് വൈറസിനെ തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹായങ്ങൾ നിലച്ചതോടെ ഇവിടെയുള്ള അമ്പതോളം അമ്മമാരുടെ ജീവിതം പ്രതിസന്ധിയിലായി. അന്തേവാസികളുടെ ഭക്ഷണം, മരുന്ന്, വസ്ത്രം, വാടക, ജീവനക്കാരുടെ വേതനം തുടങ്ങിയവയ്ക്ക് ഭാരിച്ച തുകയാണ് ഓരോ മാസവും വേണ്ടിവരുന്നത്. ഈ ഘട്ടത്തിലാണ് മാസ്കുകൾ തുന്നി മിതമായ വിലയ്ക്ക് വില്പന നടത്താൻ തീരുമാനിച്ചത്. ഇതിൽ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ട് കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.