കൊല്ലം: നഗരത്തിലെ മണലിൽ ക്ഷേത്രത്തിന് സമീപം ആനേഴത്ത് മുക്കിലെ സ്വകാര്യ ഗോഡൗണിൽ നിന്ന് 505 ചാക്ക് റേഷൻ ധാന്യങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ ഗോഡൗൺ ഉടമയ്ക്കായി അന്വേഷണം. ഉടമ ആനേഴത്ത് മുക്ക് പാറക്കൽ വീട്ടിൽ മുഹമ്മദ് ഷഫീക്ക് ഒളിവിൽ പോയെന്നാണ് കേസ് അന്വേഷിക്കുന്ന കൊല്ലം വെസ്റ്റ് പൊലീസ് പറയുന്നത്. റേഷൻ ധാന്യങ്ങൾ പിടിച്ചെടുത്തതിന് പിന്നാലെ മുഹമ്മദ് ഷഫീക്കിനെ പ്രതിയാക്കി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഷെഫീക്കിനെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ റേഷൻ ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ കഴിയൂ. ശനിയാഴ്ച രാവിലെ സ്പെഷ്യൽ ബ്രാഞ്ച് ഡാൻസാഫ് സംഘവും പൊലീസും ഗോഡൗണിലെത്തുമ്പോൾ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ റേഷൻ ധാന്യങ്ങൾ ബ്രാൻഡഡ് അരികളുടെ ചാക്കിൽ നിറയ്ക്കുകയായിരുന്നു. 43 ചാക്ക് ഗോതമ്പ്, 209 ചാക്ക് വെള്ള അരി, 253 ചാക്ക് നെല്ല് കുത്തരി എന്നിവയാണ് പിടിച്ചെടുത്തത്. സാധനങ്ങൾ സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി.
രണ്ടാഴ്ച മുമ്പും കൊല്ലം നഗരത്തിലെ രണ്ട് സ്വകാര്യ ഗോഡൗണുകളിൽ നിന്ന് റേഷൻ ധാന്യങ്ങൾ പിടിച്ചെടുത്തിരുന്നു. രണ്ട് കേസുകളിലും സ്വകാര്യ ഗോഡൗണുകളിലേക്ക് റേഷൻ അരി എത്തിയത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ ഇപ്പോഴും പൊലീസിനും സിവിൽ സപ്ലൈസ് വകുപ്പിനും കഴിഞ്ഞിട്ടില്ല.
ഒന്നും സിവിൽ സപ്ലൈസ് വകുപ്പിനറിയില്ല
നഗര ഹൃദയത്തിലെ സ്വകാര്യ ഗോഡൗണിൽ 505 ചാക്ക് റേഷൻ ധാന്യങ്ങൾ എങ്ങനെ വന്നുവെന്ന് കണ്ടെത്താൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോക്ക് ഡൗൺ ദുരിതം മറികടക്കാൻ സംസ്ഥാന - കേന്ദ്ര സർക്കാരുകൾ അനുവദിച്ച ധാന്യങ്ങൾ വൻ തോതിൽ കരിഞ്ചന്തയിലേക്ക് ഒഴുകുന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തേണ്ട ബാദ്ധ്യത വകുപ്പിനുണ്ട്.