gokul-suresh

താന്‍ ബിജെപിയുമല്ല സംഘിയുമല്ല, എന്നാല്‍ സഖാവ് ഇ.കെ. നയനാറിന്റെയും സഖാവ് വി.എസ്. അച്യുതാനന്ദന്റെയും കാലങ്ങളില്‍ നിലനിന്നിരുന്ന യഥാര്‍ത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണെന്ന് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ് പറയുന്നു. ഗുരുവായൂര്‍ ക്ഷേത്രം സ്ഥിരനിക്ഷേപത്തില്‍ നിന്നും അഞ്ച് കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെെമാറിയതിനെ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ പ്രതികരണവുമായി ഗോകുല്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഹിന്ദുക്കളില്‍ നിന്നോ അമ്പലങ്ങളില്‍ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളില്‍ നിന്നും പൈസ ആവശ്യപ്പെടുന്നത് നല്ലതല്ല എന്നാണ് കുറിച്ചതെന്നും, തന്റെ വാക്കുകള്‍ വളച്ചൊടിച്ച്‌ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയെന്നും ഗോകുല്‍ പറയുന്നു. "ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുവോ ഏത് മതക്കാരനോ ആയിക്കൊള്ളട്ടെ, അവരവരുടെ ആരാധനാലയങ്ങള്‍ ഒരു വല്യ വിഭാഗത്തിന് അന്നം കൊടുക്കുകയും വിശക്കുന്നവന് ആഹാരം നല്‍കുകയും വീടില്ലാത്തവന് കൂര കൊടുക്കുകയും ചെയുന്നു. ആരാധനാലയങ്ങളുടെ നടത്തിപ്പിനുള്ള ചിലവുകള്‍ക്ക് പുറമെയാണ് ഇതിനൊക്കെ അവര്‍ പൈസ കണ്ടെത്തുന്നത്. എന്നാലും അവര്‍ക്ക് (Hindu, Muslim, Christian) ആരോടും പരാതിയില്ല. അവരോട് തിരിച്ചും കടപ്പെട്ടിരിക്കേണ്ടത് നമ്മുടെ കടമയല്ലേ. എന്നിട്ടും പള്ളികളില്‍നിന്നും അമ്പലങ്ങളില്‍നിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതല്ലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഞാന്‍ കുറിച്ചതിന്റെ കാതല്‍.

ഹിന്ദുക്കളില്‍ നിന്നോ അമ്പലങ്ങളില്‍ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളില്‍ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാന്‍ കുറിച്ചത്. ഇതിന്റെ പേരില്‍ എനിക്കെതിരെ വന്ന കമന്റുകളില്‍ (ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകള്‍) നിന്ന് തന്നെ മനസിലാകും പലര്‍ക്കും പദാവലിയില്‍ വല്യ ഗ്രാഹ്യമില്ലെന്ന്. പലരും ചിലയിടങ്ങളില്‍ എന്റെ അച്ഛന്‍ വര്‍ഗീയവാദിയാണെന്ന് ആരോപിക്കുന്നു മറ്റ് ചിലയിടങ്ങളില്‍ വര്‍ഗീയവാദിയല്ലെന്ന് പറയുന്നു. എവിടുന്നാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിക്കപ്പെടുന്നത്? എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശവും ലക്ഷ്യവും? ഞാന്‍ ബിജെപിയുമല്ല സംഘിയുമല്ല എന്നാല്‍ സഖാവ് ഇ.കെ. നയനാറിന്റെയും സഖാവ് വി.എസ്. അച്യുതാനന്ദന്റെയും കാലങ്ങളില്‍ നിലനിന്നിരുന്ന യഥാര്‍ത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണ്," എന്നും ഗോകുല്‍ സുരേഷ് പറയുന്നു.