നൂറ്റമ്പത് വർഷത്തിനിടെ ആദ്യമായി തവിട്ടു നിറമുള്ള കരടിയെ കണ്ടെത്തി. വടക്ക്- പടിഞ്ഞാറൻ സ്‌പെയിനിലെ ജന സാന്ദ്രതയില്ലാത്ത പ്രദേശത്താണ് തവിട്ട് കരടിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഗലീഷ്യയിലെ ഔറെൻസ് പ്രവിശ്യയിലെ ഇൻവെർണാഡെറോ ദേശീയ ഉദ്യാനത്തിലാണ് കരടിയുള്ളതായി കരുതുന്നത്. ഒരു സിനിമാ ചിത്രീകരണ സംഘം സ്ഥാപിച്ച കാമറകളിലാണ് തവിട്ടു കരടിയുടെ ചിത്രങ്ങൾ പതിഞ്ഞിരിക്കുന്നത്. 6,000 ഹെക്ടർ വിസ്തൃതിയുള്ള ഈ ദേശീയ ഉദ്യാനം പ്രധാനമായും ചെന്നായ, മാൻ, കാട്ടുപന്നി, കാട്ടുപൂച്ചകൾ എന്നിവയുടെ ആവാസ കേന്ദ്രമാണ്.
ഇപ്പോൾ കാണപ്പെട്ടിരിക്കുന്ന ഈ ആൺ കരടിക്ക് മൂന്ന് മുതൽ അഞ്ച് വയസ് വരെ പ്രായമുള്ളതായി കണക്കാക്കപ്പെടുന്നു. 1973 ൽ സ്‌പെയിനിൽ തവിട്ടു നിറമുള്ള കരടികൾ സംരക്ഷിത ഇനമായിരുന്നു. ഈ ഇനം കരടികൾ വളരെ പേടിയുള്ളവരും മനുഷ്യരുള്ള പ്രദേശങ്ങളിൽ നിന്ന് മാറി സഞ്ചരിക്കുന്നവരുമാണ്. സ്‌പെയിനിലെ കാന്റാബ്രിയൻ പർവത നിരകളുടെ ഏതാനും ഭാഗങ്ങളിലാണ് ഇവ വസിക്കുന്നത്.
കുറച്ചുകാലം മുമ്പ് വരെ ഇവയുടെ സാന്നിധ്യം ഐബീരിയൻ ഉപ ദ്വീപിലും മറ്റും വളരെ സാധാരണമായിരുന്നു. ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്ന ഇനമായാണ് പരിഗണിക്കുന്നത്.