കൊല്ലം: മാലിദ്വീപിൽ നിന്നെത്തിയവർക്ക് കൊല്ലം നഗരത്തിൽ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിൽ സൗകര്യങ്ങൾ പരിമിതമെന്ന് ആരോപിച്ച് ഒരു മണിക്കൂറിലേറെ തർക്കം. അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന ജില്ലാ കളക്ടറുടെ കർശന തീരുമാനത്തോടെയാണ് തർക്കങ്ങൾ അവസാനിച്ചത്.
നാവിക സേനയുടെ കപ്പലിൽ കൊച്ചിയിലെത്തിയവരെ കെ.എസ്.ആർ.ടി.സി ബസിലാണ് കൊല്ലത്ത് എത്തിച്ചത്. 26 കൊല്ലം സ്വദേശികളിൽ മൂന്നുപേരെ ഗൃഹ നിരീക്ഷണത്തിൽ അയച്ചു. ശേഷിക്കുന്ന 23 പേർക്ക് ബീച്ച് റോഡിലെ ആമ്പാടി ഹോട്ടലിലാണ് താമസ സൗകര്യമൊരുക്കിയത്. ശുചിമുറി സൗകര്യം ഉൾപ്പെടെയുള്ള ഒറ്റ മുറികളാണ് 23 പേർക്ക് വേണ്ടിയും സജ്ജമാക്കിയത്. അഞ്ചുപേർ ഇവിടെ തങ്ങാൻ തയ്യാറായെങ്കിലും മറ്റുള്ളവർ കൂടുതൽ സൗകര്യം വേണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിലയുറപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, നഗരസഭാ സെക്രട്ടറി എന്നിവരെത്തി ചർച്ച നടത്തിയെങ്കിലും ഇവർ ആവശ്യത്തിൽ ഉറച്ചുനിന്നു. ഇതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് നാണി ഹോട്ടലിൽ പണം നൽകി താമസിക്കാൻ സൗകര്യം നൽകാമെന്ന് അറിയിച്ചു.
നാണി ഹോട്ടലിൽ പണം നൽകേണ്ടി വരുമെന്നതിനാൽ എട്ടുപേർ കൂടി ആമ്പാടിയിലെ സൗജന്യ നിരീക്ഷണ കേന്ദ്രത്തിൽ തങ്ങാൻ തയ്യാറായി. നിലവിലെ സാഹചര്യം പരിഗണിച്ച് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വാടക വലിയ തോതിൽ കുറച്ചാണ് നാണി ഉൾപ്പെടെയുള്ള നഗരത്തിലെ ഹോട്ടലുകൾ മുറി നൽകുന്നത്. പക്ഷേ നാണിയിലെത്തിയ പത്തംഗ സംഘം വാടക കൂടുതലാണെന്ന പേരിൽ വീണ്ടും തർക്കം തുടങ്ങി. ഇതോടെ കളക്ടർ വിഷയത്തിൽ കർശനമായി ഇടപെട്ടു.
പത്തുപേർക്കും ആവശ്യമെങ്കിൽ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറി ഒരുക്കാമെന്നും തർക്കം തുടർന്നാൽ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. ഇതോടെ നാണിയിലെ മുറികളിൽ താമസിക്കാൻ ഇവർ തയ്യാറായി. കൊവിഡിന്റെ നിയന്ത്രണങ്ങൾക്കിടയിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മലയാളികളുടെ എണ്ണം കൂടുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി ഇന്നലെ 161 പേർ കേരളത്തിലെത്തി. റെഡ് സോണുകളിൽ നിന്നെത്തിയ 21 പേരെ സർക്കാരിന്റെ നിരീക്ഷണ കേന്ദ്രങ്ങളിലാക്കി. റെഡ് സോണുകൾക്ക് പുറത്ത് നിന്നെത്തിയ 140 പേരെ ഗൃഹ നിരീക്ഷണത്തിലാക്കി. കൊല്ലത്ത് 56 പേർ ഗൃഹ നിരീക്ഷണത്തിലും ആറുപേർ നിരീക്ഷണ കേന്ദ്രങ്ങളിലും കഴിയുകയാണ്.
നിരീക്ഷണ കേന്ദ്രങ്ങളിൽ ആകെ: 21
കൊല്ലം 6
പത്തനംതിട്ട 7
ആലപ്പുഴ 5
കോട്ടയം 2
കണ്ണൂർ 1