കൊല്ലം: കൊവിഡ് പിടിവിടുന്നതിന്റെ ആശ്വാസത്തിലാണ് കൊല്ലത്തുകാർ. ഇതരസംസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളെത്തുന്നുണ്ട്. ഗൃഹ നിരീക്ഷണത്തിലും ആശുപത്രി നിരീക്ഷണത്തിലുമൊക്കെ ഇവരെ മാറ്റുന്നുണ്ടെങ്കിലും ഇതുവരെയും ആശങ്കയ്ക്ക് വകയില്ല. ജില്ലയിൽ പുതിയ കൊവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ട് 12 ദിവസം പിന്നിട്ടു. നിലവിൽ 3 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതിലൊരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ട് ഒന്നര മാസമായി. ഫലം നെഗറ്റീവും പോസിറ്റീവും കാണിച്ചുകൊണ്ടിരിക്കുന്നതിനാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യാനാകുന്നുമില്ല. കൊവിഡ് ലോകം മുഴുവൻ താണ്ഡവമാടിയപ്പോഴും 20 പേർക്കാണ് ജില്ലയിൽ ആകെ രോഗം ബാധിച്ചത്. ഇതിൽ 17 പേരും രോഗമുക്തരായി. ആരോഗ്യ പ്രവർത്തകരും പൊലീസും മറ്റ് വകുപ്പുകളും ശക്തമായ സുരക്ഷാ സംവിധാനങ്ങളും ബോധവത്കരണവും നടത്തുന്നതിനാൽ രോഗ വ്യാപനത്തിന് യാതൊരു സാദ്ധ്യതകളും നിലവിലില്ല.