കൊല്ലം: പുനലൂരിന്റെ സൗന്ദര്യമായ തൂക്കുപാലത്തിന്റെ താഴ് തുറക്കണമെന്ന ആവശ്യം ശക്തമായി. ലോക്ക് ഡൗണിനെ തുടർന്ന് ഒന്നര മാസം മുമ്പാണ് പുനലൂർ തൂക്ക് പാലം അടച്ചത്. കിഴക്കൻ മേഖലയിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ കാലത്തെയും അതിജീവിച്ച പുനലൂർ തൂക്കുപാലത്തിലെത്താതെ മടങ്ങാറില്ലായിരുന്നു. കല്ലടയാറിന് കുറുകെയുള്ള പാലത്തിൽ കൂടി നടന്ന് അപ്പുറത്തെത്താം. ലോക്ക് ഡൗണായപ്പോൾ സഞ്ചാരികളുടെ വരവ് നിലച്ചു. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നാട്ടുകാർക്കും നടന്നുപോകാൻ തൂക്കുപാലം വേണമെന്ന ആവശ്യമാണ്. സമീപത്തെ കോൺക്രീറ്റ് പാലത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ചരിത്ര സ്മാരകമായ തൂക്കു പാലത്തിലൂടെയാണ് കാൽ നടയാത്രക്കാർ മുൻപും കടന്ന് പോകാറുളളത്. അതൊരു അനുഭൂതിയാണെന്നാണ് ഇവിടുത്തുകാരും പറയുന്നത്. ലോക്ക് ഡൗൺ പിൻവലിച്ചാൽ ദൂരങ്ങൾ താണ്ടി പുനലൂരിന്റെ തൂക്ക് പാലം കാണാൻ ആളുകളെത്തും. അവധിക്കാലങ്ങളിൽ വലിയ തിരക്കുതന്നെ ഉണ്ടാകാറുണ്ട്. താഴ് തുറക്കുന്നതും കാത്തിരിക്കുകയാണ് ഇപ്പോൾ ഇവിടുത്തുകാർ.