pineapple

ലോക്ക് ഡൗൺ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് ആളുകൾ മദ്യം കിട്ടാതെ ആത്മഹത്യ ചെയ്ത വാർത്തകൾ. ലോകം മുഴുവൻ മദ്യം നിരോധിച്ച സാഹചര്യത്തിൽ മദ്യം കിട്ടാതെ വിഷമത്തിലായ പലരും ബദൽ മാർഗങ്ങൾ അന്വേഷിച്ചു തുടങ്ങി. അങ്ങനെയാണ് ദക്ഷിണാഫ്രിക്കക്കാരുടെ അന്വേഷണം പൈനാപ്പിളിൽ എത്തിച്ചേർന്നത്. പൈനാപ്പിളിൽ നിന്ന് അത്യാവശ്യം കിക്ക് കിട്ടുന്ന ആൾക്കഹോളിക് ഡ്രിങ്ക് ഉത്പാദിപ്പിച്ച് എടുക്കാമെന്ന് കണ്ടുപിടുത്തമാണ് ഇതിന് കാരണം. ശരാശരി ഒരുദിവസം 10,000 പൈനാപ്പിൾ വരെ വിറ്റുപോയിരുന്ന നാട്ടിൽ ഇപ്പോൾ ഒരു ദിവസം വിൽക്കുന്നത് 1,00,000 പൈനാപ്പിളുകളാണെന്നാണ് കണക്കുകൾ.

വീടുകളിൽ തന്നെ തുടരേണ്ടതിനാൽ മിക്കവരും സ്വന്തമായി പൈനാപ്പിൾ ബിയർ ഉല്പാദിപ്പിക്കുകയാണ്. അതുകൊണ്ടാണ് പൈനാപ്പിളിന് ഇതുപോലെ ആവശ്യം ഉയർന്നുവന്നതും. പൈനാപ്പിളിന് ആവശ്യക്കാർ ഉയർന്നതോടെ വിലയും കുത്തനെ കൂടി. സാധാരണഗതിയിൽ അഞ്ച് റാൻഡാണ് (20 രൂപ) ഒരു പൈനാപ്പിളിനു വില. എന്നാലിപ്പോൾ ഒരു പൈനാപ്പിളിന് 20റാൻഡ് കൊടുക്കണം.

പൈനാപ്പിളിന്റെയും പഞ്ചസാരയുടെയും യീസ്റ്റിന്റെയും ശരിയായ അളവിൽ ഉപയോഗിച്ചാൽ അത്യാവശ്യം കിക്ക് കിട്ടുന്ന മദ്യം ലഭിക്കുമെന്നാണ് ഇവർ പറയുന്നത്.ഫെർമന്റേഷനെടുക്കുന്ന സമയമനുസരിച്ചാണ് പൈനാപ്പിൾ ബീയറിന്റെ ലഹരിയും കൂടുക. എന്നാൽ ഇതിനിടെ മറ്റു സൂക്ഷ്മജീവികൾ ഈ ലഹരിക്കൂട്ടിൽ കയറിക്കൂടിയാൽ പ്രശ്നമാണ്. ഇത്തരത്തിൽ വീട്ടിൽ പൈനാപ്പിൾ ബിയറുണ്ടാക്കിയാൽ നടപടിയെടുക്കുമെന്നു സർക്കാരിന്റെ മുന്നറിയിപ്പ് വന്നിട്ടുണ്ട്. പൈനാപ്പിൾ ബിയർ എന്നറിയപ്പെടുന്ന ഈ മദ്യത്തെ കണ്ണടച്ചു വിശ്വസിക്കാനാകില്ല. ചേരുവകളിൽ വ്യത്യാസം വന്നാൽ പണികിട്ടുമെന്നുറപ്പ്...