ksu
കൊല്ലം കളക്ടറേറ്റിനുള്ളിൽ കടന്ന് പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

 എൻ.ജി.ഒ യൂണിയൻ പ്രവർത്തകരുമായി ഉന്തും തള്ളും

കൊല്ലം: അന്യസംസ്ഥാനത്തുള്ള വിദ്യാർത്ഥികളെയും മലയാളികളെയും അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിലേക്ക് കെ.എസ്.യു പ്രവർത്തകർ തള്ളിക്കയറി. തടയാൻ എൻ.ജി.ഒ യൂണിയൻ പ്രവർത്തകർ എത്തിയതോടെ ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളുമായി.

രാവിലെ 11 മണിക്കായിരുന്നു സംഭവം. അവലോകന യോഗം നടന്ന കോൺഫറൻസ് ഹാളിന് മുന്നിൽ മൂന്ന് പൊലീസുകാരേ ഉണ്ടായിരുന്നുള്ളൂ. കെ.എസ്.യു പ്രവർത്തകർ ഹാളിനുള്ളിൽ കടക്കുമെന്ന് ഉറപ്പായതോടെ സ്ഥലത്തുണ്ടായിരുന്ന എൻ.ജി.ഒ യൂണിയൻകാർ തടയുകയായിരുന്നു. ഇതോടെ ഇരുവിഭാഗം പ്രവർത്തകരും തമ്മിലുണ്ടായ ഉന്തും തള്ളും ഏറ്റുമുട്ടലിന്റെ വക്കോളമെത്തി. പിന്നീട് പൊലീസ് സംഘമെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

പ്രതിഷേധത്തിന് നേതൃത്വം നൽകിയ ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, വൈസ് പ്രസിഡന്റ് കൗശിഖ് എം. ദാസ്, ഭാരവാഹികളായ ആർ.എസ്. രാഹുൽ, ബിച്ചു കൊല്ലം, സുബലാൽ, സച്ചു, അനന്ദു, ഫാറൂഖ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.