കൊല്ലം: ആർട്ട് ഒഫ് ലിവിംഗ് കൊല്ലം ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ ശ്രീ രവിശങ്കറിന്റെ 64-ാം ജന്മദിനാഘോഷം നാളെ നടക്കും. മഹാഗുരുപൂജ, മഹാസത്സംഗ്, വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ, ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ദിവസവേതന തൊഴിലാളികൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം എന്നിങ്ങനെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓൺലൈൻ സംവിധാനത്തിലൂടെയാണ് ആഘോഷങ്ങൾ നടത്തുന്നത്. ആർട്ട് ഒഫ് ലിവിംഗ് കൊല്ലം ആശ്രമം, 12 ജ്ഞാന ക്ഷ്രേത്രങ്ങൾ, 30ൽപ്പരം സെന്ററുകൾ എന്നിവിടങ്ങളിൽ ചടങ്ങുകളൊന്നും സംഘടിപ്പിച്ചിട്ടില്ലെന്നും ഭാരവാഹികൾ അറിയിച്ചു.
രാവിലെ 7.30ന് ആരംഭിക്കുന്ന പരിപാടികൾക്കൊപ്പം ജില്ലയിലെ പതിനായിരം ഭവനങ്ങളിൽ ഗുരുപൂജ, 108 പഞ്ചാക്ഷരി മന്ത്രം, ഗുരുഗീത പാരായണം, ദീപം തെളിക്കൽ എന്നിവയും നടക്കും. പതിനായിരം വൃക്ഷത്തൈകളും നട്ടുപിടിപ്പിക്കും. വൈകിട്ട് 3ന് ആർട്ട് ഓഫ് ലിവിംഗ് കേരളാ അപ്പക്‌സ് ബോഡി ചെയർമാൻ രാജേഷ് നായർ ഓൺലൈൻ സംവിധാനത്തിലൂടെ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് ആരംഭിക്കുന്ന മഹാസത്സംഗിൽ ഗുരുജിയുടെ പ്രമുഖ ശിഷ്യരായ സ്വാമി അദ്വൈത് ആനന്ദ, സീനിയർ ആർട്ട് ഒഫ് ലിവിംഗ് ഇന്റർനാഷണൽ അദ്ധ്യാപകൻ ബിജുകുമാർ തുടങ്ങിയവർ പ്രഭാഷണങ്ങളും സന്ദേശങ്ങളും നടത്തും.
ഓൺലൈൻ സംവിധാനമായ 'സൂം' ആപ്ലിക്കേഷനിലൂടെ സംഘടിപ്പിക്കുന്ന മഹാസത്സംഗിന് ജില്ലയിലെ 'സുമേരു സന്ധ്യാ' ഗായകർ നേതൃത്വം നൽകും.