ചാത്തന്നൂർ: പെരുന്നാളിന് വസ്ത്രം വാങ്ങാൻ പിതാവ് നൽകിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി സഹോദരിമാർ. ആദിച്ചനല്ലൂർ കൊട്ടിയം സിത്താര ജംഗ്ഷനിൽ പാറപ്പുറത്ത് വീട്ടിൽ ഷറഫുദ്ദീൻ, ലൈലാ ഷറഫുദ്ദീൻ ദമ്പതികളുടെ മക്കളായ ഫാത്തിമ, ഷംന, ഐഷ എന്നിവരാണ് പതിനയ്യായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
ഫാത്തിമ കൊല്ലം ടി.കെ.എം കോളേജിൽ പി.ജി രണ്ടാം വർഷ വിദ്യാർത്ഥിനിയും, ഷംന ആദിച്ചനല്ലൂർ പഞ്ചായത്ത് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയും, ഐഷ മുഖത്തല സെന്റ് ജൂഡ് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയുമാണ്. പഠിക്കാൻ മിടുക്കികളായ ഇവർ പത്രദൃശ്യ മാദ്ധ്യമങ്ങളിൽ കൂടി ജനങ്ങളുടെ ദുരിതം മനസിലാക്കിയാണ് ആർഭാടങ്ങൾ ഒന്നുമില്ലാതെ പെരുന്നാൾ കൂടുാൻ തീരുമാനിച്ചത്. തങ്ങളുടെ അഭിപ്രായം വാപ്പയോടും ഉമ്മയോടും പങ്കുവെച്ചപ്പോൾ അവർക്കും സന്തോഷം.
തുടർന്ന് പിതാവ് ഷറഫുദ്ദീൻ തന്റെ സുഹൃത്തും പാരലൽ കോളേജ് അദ്ധ്യാപകനുമായ ജ്യോതികുമാറുമായി തന്റെ മക്കളുടെ ആഗ്രഹം പങ്കുവെച്ചു. ജ്യോതികുമാർ അറിയിച്ചത് പ്രകാരം ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷും സെക്രട്ടറി ബിജു സി. നായരും വീട്ടിലെത്തി തുക ഏറ്റുവാങ്ങുകയായിരുന്നു.