മടങ്ങിയെത്താൻ വിദേശത്തും അന്യസംസ്ഥാനങ്ങളിലും
കൊല്ലം: കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് മടങ്ങിയെത്താൻ കാത്തിരിക്കുന്നത് അരലക്ഷത്തോളം പേർ.
ഇതിൽ 28,000 പേർ വിദേശത്ത് നിന്നും ബാക്കി 8,000 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നുമാണ്. വിദേശത്ത് നിന്ന് 86 പേരും അന്യസംസ്ഥാനങ്ങളിൽ നിന്ന് 1,358 പേരും മാത്രമാണ് ഇന്നലെ വരെ ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിൽ മടങ്ങിയെത്തിയത്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് യാത്രാപ്പാസ് നൽകാൻ നോർക്കയും സംസ്ഥാന സർക്കാരിന്റെ കൊവിഡ് ജാഗ്രത എന്ന വെബ്സൈറ്റും വഴിയാണ് രജിസ്ട്രേഷൻ എർപ്പെടുത്തിയിട്ടുള്ളത്. നോർക്കയിൽ രജിസ്റ്റർ ചെയ്യുമ്പോൾ കിട്ടുന്ന നമ്പർ ഉപയോഗിച്ച് കൊവിഡ് ജാഗ്രതാ സൈറ്റിലും രജിസ്റ്റർ ചെയ്യുന്നവർക്കാണ് പാസ് അനുവദിക്കുന്നത്.
എന്നാൽ പലരും എതെങ്കിലും ഒരു സൈറ്റിൽ മാത്രമാണ് രജിസ്റ്റർ ചെയ്യുന്നത്. ഈ രണ്ട് മർഗങ്ങളിലും രജിസ്റ്റർ ചെയ്യാതെയും അയൽസംസ്ഥാനങ്ങളിലുള്ളവർ അതിർത്തി കടക്കാനായി എത്തുന്നുണ്ട്.
കേരളം യാത്രാപ്പാസ് അനുവദിച്ചവർക്ക് അവർ കുടുങ്ങിയ സംസ്ഥാനത്ത് നിന്ന് യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കാത്ത പ്രശ്നവുമുണ്ട്.
പറയുന്നവരല്ല എത്തുന്നത്
ഓരോ വിമാനത്തിലേക്കും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവരല്ല പലപ്പോഴും ഇവിടേക്ക് എത്തുന്നത്. ഓരോ രാജ്യത്തും നിശ്ചയിച്ചിട്ടുള്ള മുൻഗണനാ മാനദണ്ഡങ്ങളും പരിശോധനയും കഴിയുമ്പോൾ ബുക്ക് ചെയ്യുന്നവരിൽ പലരും ഒഴിവാക്കപ്പെടും. ഇവർക്ക് പകരം രജിസ്ട്രേഷനിൽ പിന്നിൽ നിൽക്കുന്നവരാണ് എത്തുന്നത്. വിദേശത്ത് നിന്ന് എത്തുന്നവർക്ക് അവരുടെ സ്വന്തം സ്ഥലത്തോട് ചേർന്നുള്ള സ്ഥലങ്ങളിലാണ് ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നത്. മുൻകൂട്ടിയുള്ള അറിയിപ്പുകൾ തെറ്റുന്നത് ക്വാറന്റൈൻ ഒരുക്കങ്ങളെ ബാധിക്കുന്നുണ്ട്.
ഇതുവരെ എത്തിയത്
വിദേശത്ത് നിന്ന്: 86
ഹോം ക്വാറന്റൈനിൽ: 23
സർക്കാർ ക്വാറന്റൈനിൽ: 63
അന്യസംസ്ഥാനത്ത് നിന്ന്: 1,358
ഹോം ക്വാറന്റൈനിൽ: 939
സർക്കാർ ക്വാറന്റൈനിൽ: 419