പത്തനാപുരം: മഴയെക്കാപ്പം വീശിയടിച്ച ശക്തമായ കാറ്റിലും മിന്നലിലും കിഴക്കൻ മേഖലയിൽ വ്യാപക നാശം. വീടുകൾക്ക് മുകളിൽ മരംവീഴുകയും കൃഷി നശിക്കുകയും ചെയ്തു. പത്തനാപുരം, തലവൂർ, പട്ടാഴി, പിറവന്തൂർ, വിളക്കുടി പഞ്ചായത്തുകളിലാണ് മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായത്. നിയോജക മണ്ഡലത്തിൽ പതിനഞ്ചോളം വീടുകൾ നാശിച്ചു. ശക്തമായ ഇടിമിന്നലിൽ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. റോഡിലേക്ക് മരംവീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈനുകളിലേക്ക് മരം വീണ് പോസ്റ്റ് തകർന്നതിനാൽ വൈദ്യുതി ബന്ധവും തകരാറിലായി.
മരം വീണ് നടുക്കുന്ന് മംഗ്ലാവ് വിളയിൽ ഉണ്ണിയുടെ വീടും ടിപ്പർ ലോറിയും നശിച്ചു. തലവൂർ കുര തങ്കപ്പൻ, പുന്നല തച്ചക്കോട് ശകുന്തള, കുണ്ടയം അണ്ണായിവിള വീട്ടിൽ നവാസ്, പട്ടാഴി പന്ത്രണ്ടമുറി കോട്ടൂരഴികത്ത് ശ്യാമളകുമാരി, കാട്ടാമല കിഴക്കേതിൽ പുത്തൻവീട്ടിൽ ഓമന, ഈട്ടിവിള കിഴക്കേതിൽ രാമചന്ദ്രൻ എന്നിവരുടെ വീടും മരംവീണ് നശിച്ചു.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് മേഖലയിലുണ്ടായത്. ചില പ്രദേശങ്ങളിൽ വില്ലേജ് അധികൃതർ എത്തി നാശനഷ്ടം വിലയിരുത്തി. മണികണ്ഠൻചിറ മലങ്കാവ് റോഡ്, മലങ്കാവ് കല്ലുംകടവ് റോഡ്, കുണ്ടയം ഗാന്ധിഭവൻ റോഡ് എന്നിവിടങ്ങളിൽ മരം വീണ് ഗതാഗതം പൂർണമായും തടസപ്പെട്ടു. പത്തോളം വൈദ്യുതി പോസ്റ്റുകളും തകർന്നു.മിക്ക പ്രദേശങ്ങളിലും രാത്രി വൈകിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല.