photo
മഴയോടൊപ്പം വീശിയ കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നുപോയ നിലയിൽ

കുണ്ടറ: ഇന്നലെ പെയ്ത മഴയോടൊപ്പം വീശിയ കാറ്റിൽ കുണ്ടറയിലും സമീപ പ്രദേശങ്ങളിലും നാശനഷ്ടമുണ്ടായി.കുണ്ടറ സ്റ്റാർച്ച് മുക്ക് ഗ്രന്ഥകൈരളി വായനശാലയ്ക്ക് സമീപം ചേറ്റുകടവ് ഭാഗത്ത് സുധർമ്മയുടെ ചരുവിൽ പുത്തൻവീടിന്റെ ഷീറ്റുമേഞ്ഞ മേൽക്കൂര കാറ്റിൽ പറന്നുപോയി. ഇന്നലെ വൈകിട്ട് മൂന്നോടെ മഴയ്ക്കുമുമ്പ് വീശിയടിച്ച കാറ്റാണ് അപകടമുണ്ടാക്കിയത്. വെൽഡ് ചെയ്തുചേർത്ത ഇരുമ്പ് സ്‌ക്വയർ ട്യൂബുകളിൽ പിടിപ്പിച്ചിരുന്ന മേൽക്കൂര ചട്ടക്കൂടിനൊപ്പമാണ് പറന്നുമാറുകയായിരുന്നു.

അപകടസമയത്ത് സുധർമ്മയും മകൻ നോബിളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുന്നിൽ നാല് അടി മാറിയാണ് മേൽക്കൂര വീണത്. സീലിംഗ് ഫാനും പുകയില്ലാ അടുപ്പിന്റെ പൈപ്പുംമെല്ലാം മേൽക്കൂരയ്‌ക്കൊപ്പം പറന്നു. മേൽക്കൂര വന്നടിച്ച് സമീപത്തെ തെരുവ് വിളക്കും വൈദ്യുതി കമ്പികളും തകർന്നിട്ടുണ്ട്. റവന്യൂ, പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.

വീടിന് മുകളിൽ താത്കാലികമായി ടാർപോളിൻ ഷീറ്റ് വിരിച്ചാണ് നിലവിൽ സുധർമ്മയുൾപ്പെടുന്ന ആറംഗ കുടുംബം അന്തിയുറങ്ങുന്നത്. വിധവയായ സുധർമ്മയ്ക്ക് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് എട്ട് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച് നൽകിയതാണ് വീട്. സുധർമ്മയുടെ വീടിന് സമീപത്തായി രണ്ട് മരങ്ങളും മുകളിലേക്ക് പതിക്കുമെന്ന ഭീതിയുയർത്തി നിൽപ്പുണ്ട്.

കേരളപുരത്ത് റെയിൽവേ പറമ്പിൽ നിന്ന മരം സമീപത്തെ കശുഅണ്ടി ഫാക്ടറിക്ക് മുകളിലേക്ക് വീണു. പേരയത്ത് മരം റോഡിലേക്ക് വീണ് ഗതാഗത തടസമുണ്ടായി. ഫയർഫോഴ്‌സ് എത്തി മരങ്ങൾ മുറിച്ചുമാറ്റി. കുണ്ടറ, പെരുമ്പുഴ ഭാഗങ്ങളിൽ മണിക്കൂറുകൾ നീണ്ട വൈദ്യുതി തടസവുമുണ്ടായി.