photo
ജില്ലാ പഞ്ചായത്ത് പുത്തൂർ പഴയചിറയിൽ നിർമ്മിക്കുന്ന വൃദ്ധസദനത്തോട് ചേർന്ന ചിറയുടെ സംരക്ഷണ ഭിത്തി തകർന്ന നിലയിൽ

കൊട്ടാരക്കര: പുത്തൂർ പഴയചിറയിൽ നിർമ്മാണം പുരോഗമിക്കുന്ന വൃദ്ധസദനത്തോട് ചേരുന്ന ചിറയുടെ സംരക്ഷണ ഭിത്തി തകർന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് സംഭവം.

ജില്ലാ പഞ്ചായത്ത് അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ചാണ് പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ പഴയചിറയിൽ വൃദ്ധസദനം നിർമ്മിക്കുന്നത്. ഒരു വശത്ത് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലും മറുവശത്ത് വിശാലമായ ചിറയുമാണുള്ളത്. ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. ഇതിന്റെ കൽക്കെട്ടാണ് ഇടിഞ്ഞ് തള്ളിയത്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ബാക്കി ഭാഗം കൂടി ഇടിയും. വൃദ്ധസദനം കെട്ടിടത്തിനെയും ഇത് സാരമായി ബാധിക്കും. 4500 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് നില കെട്ടിടമാണ് നിർമ്മിക്കുന്നത്.