മഹാരാഷ്ട്രയിലെ ഇഗത്‌പുരി ഗ്രാമത്തിലെ ഒരു പ്രദേശം ഇനിമുതൽ 'ഹീറോ-ചി-വാദി'എന്ന് അറിയപ്പെടും. 'നായകന്റെ ദേശം' എന്നാണ് ഈ വാക്കിന്റെ അർത്ഥം. അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാനോടുള്ള ആദര സൂചകമായിയാണ് ഈ പ്രദേശത്തിന് ഹീറോ-ചി-വാജി എന്ന പേര് നൽകിയിരിക്കുന്നത്.
ഇർഫാൻ ഇഗത്പുരി ഗ്രാമത്തോടും അവിടുത്തെ ആളുകളോടും അടുത്ത ബന്ധം പുലർത്തിയിരുന്നു. ഈ ഗ്രാമത്തിൽ ഭൂമി വാങ്ങിയ ഇർഫാൻ ഗ്രാമീണരുടെ ബുദ്ധിമുട്ടുകൾ അടുത്തറിഞ്ഞതോടെ പല രീതിയിലും ഇവരെ സഹായിക്കുകയും ഇവരോടൊപ്പം നിലകൊള്ളുകയും ചെയ്തിരുന്നു. ആദിവാസി വിഭാഗത്തിൽ പെടുന്ന ഗ്രാമത്തിലെ വിദ്യാർഥികൾക്ക് പുസ്തകങ്ങളും മഴക്കോട്ടുകളും കമ്പ്യൂട്ടറുകളും മധുരപലഹാരങ്ങളും അവശ്യ വസ്തുക്കളും ഇർഫാൻ നൽകിയിരുന്നു.
ഇതിനെ തുടർന്നാണ് ഗ്രാമത്തിൽ ഇർഫാന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് അദ്ദേഹത്തോടുള്ള ആദരസൂചകമായി 'നായകന്റെ ദേശം' എന്ന് പേര് നൽകിയത്. “അദ്ദേഹം ഞങ്ങൾക്ക് കാവൽക്കാരനായ മാലാഖയായിരുന്നു. എപ്പോൾ സഹായം ചോദിച്ചാലും അദ്ദേഹം ഒഴികഴിവ് പറഞ്ഞിരുന്നില്ല.”- സില്ല പരിഷത് അംഗമായ ഗോരഖ് ബോഡ്കെ പറയുന്നു.
കാൻസർ മൂലം ദീർഘ നാളായി ചികിത്സയിലായിരുന്ന ഇർഫാൻ ഖാൻ മുംബയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. 2018 ലാണ് ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു. പിന്നീട് രോഗം ഭേദമായി മടങ്ങിവന്ന ഇർഫാൻ സിനിമയിൽ സജീവമായിരുന്നു. അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം 'അംഗ്രേസി മീഡിയ'മാണ്.