photo
അനീഷ്

കൊല്ലം: ലാപ്ടോപ്പും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ഓടനാവട്ടം ചെന്നാപ്പാറ ഐതറ ഇടയിൽ അനീഷിനെയാണ് (23) നെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 2018ൽ പരുത്തിയറ എൽ .പി സ്കൂളിന് സമീപം മാമ്പറ ശ്രീലയം നിവാസിൽ ശ്രീകമാറിന്റെ വീട്ടിൽ നിന്നാണ് ഇയാൾ ഒരു ലാപ് ടോപ്പും രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ചത്.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. എന്നാൽ ഒളിവിൽ പോയ പ്രതി പിന്നീട് മൊബൈൽ സ്വിച്ച് ഒഫ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ വീട്ടിലുള്ളതായി വിവരം ലഭിച്ചതിനെതുടർന്ന് പൊലീസെത്തി അറസ്റ്റ് ചെയ്യുകയയിരുന്നു. ഇയാളുടെ പക്കൽ നിന്നും ലാപ്പ് ടോപ്പും മൊബൈൽ ഫോണുകളും കണ്ടെടുത്തു. കൊട്ടാരക്കര ഡിവൈഎസ്.പിയുടെ നിർദ്ദേശപ്രകാരം പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ് കുമാർ, ഡബ്ലിയു പി.സി. ജുമൈലബീവി,​ എസ്.സി.പി.ഒ സന്തോഷ്, ലിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ മുമ്പ് ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.