medical-shop

കൊല്ലം:പുനലൂരിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനെ പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. വിളക്കുവെട്ടം കിഴക്കേ പുറത്ത് ഹൗസിൽ സാവിയോ സാബുവിനാണ് (19) മർദ്ദനമേറ്റത്. ലാത്തിയടി കൊണ്ട് തറയിൽ വീണ സാവിയോയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇയാൾ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സാബുവിന്റെ തലയിൽ ആറ് തുന്നലുണ്ട്. ഇന്നലെ രാത്രി 8.30ന്ജോലി കഴിഞ്ഞ് വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളും ഹോം ഡെലിവറി ചെയ്യാനുള്ള മരുന്നുമായി മടങ്ങുന്നതിനിടെ വാളക്കോടായിരുന്നു സംഭവം.മറ്റൊരു ബൈക്കിൽ എത്തിയ സഹോദരന്റെ കൈയിൽ വീട്ടുസാധനങ്ങൾ നൽകാൻ സാബുവിന്റെ വാഹനം റോഡരികിൽ നി‌ർത്തിയപ്പോഴാണ് പൊലീസ് എത്തിയത്.

പൊലീസ് വാഹനം കണ്ട് ബൈക്ക് മുന്നോട്ട് നീക്കുന്നതിനിടെ ലാത്തി കൊണ്ട് മുതുകിൽ അടിച്ച ശേഷം ഷർട്ടിൽ പിടിച്ച് താഴെയിടുകയായിരുന്നുവെന്നാണ് സാവിയോയുടെ പരാതി.യാതൊരു പ്രകോപനവും ഇല്ലാതെ മകനെ പൊലീസ് മർദ്ദിച്ചതിൽ മുഖ്യമന്ത്രിക്കും മറ്റും പരാതി നൽകുമെന്ന് സാവിയോയുടെ പിതാവ് പറഞ്ഞു. എന്നാൽ സംഭവം അടിസ്ഥാന രഹിതമാണെന്നും പൊലീസിനെ കണ്ട് ഭയന്ന് ഓടുന്നതിനിടെ ഇയാൾക്ക് വീണ് പരിക്കേറ്റതാണെന്നും പൊലീസ് അറിയിച്ചു.