കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നരമാസത്തോളമായി അടച്ചിട്ടിരുന്ന ഷാങ്ഹായ് ഡിസ്‌നി ലാൻഡ് വീണ്ടും തുറന്നു. കർശന നിയന്ത്രണങ്ങളോടെയാണ് ഡിസ്‌നി ലാൻഡിൽ സന്ദർശകരെ പ്രവേശിപ്പിക്കുന്നത്. 80,000 സന്ദർശകരേയും 12,000 ജീവനക്കാരേയും ഉൾക്കൊള്ളുമായിരുന്ന പാർക്കിൽ 30 ശതമാനം പേർക്കേ ഇപ്പോൾ സന്ദർശിക്കാൻ അനുവാദമുള്ളൂ.. വരുന്നവരൊക്കെ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൂടാതെ അകത്തേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ശരീരത്തിന്റെ താപനില പരിശോധിക്കുകയും ചെയ്യും.
ജനുവരി 25നായിരുന്നു പാർക്ക് അടച്ചുപൂട്ടിയത്. ഷാങ്ഹായിലേത് മാത്രമാണ് കൊവിഡ് പ്രതിരോധത്തിനിടയിലും സന്ദർശകർക്കായി തുറന്നുകൊടുത്ത ഒരേയൊരു ഡിസ്‌നി പാർക്ക്. ലോകമെമ്പാടുമുള്ള പാർക്കുകൾ അടച്ചതുമൂലം കാര്യമായ നഷ്ടത്തിലാണ് കമ്പനി ഇപ്പോൾ. വിപുലമായ രജിസ്ട്രേഷനും എൻട്രി സിസ്റ്റവും ഉപയോഗിച്ച് സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്തും.. തിരഞ്ഞെടുത്ത തീയതിയിൽ മാത്രം സാധുതയുള്ള പ്രവേശന ടിക്കറ്റുകളാണ് ആളുകൾക്ക് നല്‍കുക.