വസ്തു കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ വീടിന് പ്ലാൻ തയ്യാറെടുക്കുകയാണ് വേണ്ടത്. വസ്തു വാങ്ങുന്നതിന് മുമ്പ് ഒരു വാസ്തുവിദഗ്ദ്ധനെ കാണിക്കാം. വീട് വയ്ക്കാൻ എൻജിനിയറെ കണ്ട് പ്ലാൻ തയ്യാറാക്കണം. എൻജിനീയറും വീട് കെട്ടുന്നയാളുമല്ല സൗകര്യങ്ങൾ തീരുമാനിക്കേണ്ടത്. വീട്ടുടമ തന്നെയാണ്. അത് വാസ്തുപരമായി തന്നെ സജ്ജമാക്കണം. പ്ലാൻ വരയ്ക്കുമ്പോൾ വസ്തുവിന്റെ തെക്കുപടിഞ്ഞാറെ ഭാഗം കേന്ദ്രീകരിച്ച് വേണം വീടിന് സ്ഥാനം നിർണയിക്കേണ്ടത്. അതായത് മൊത്തം വസ്തു എത്രയായാലും അതിനെ നാലായി ഭാഗിച്ച് അതിൽ തെക്കുഭാഗത്തുള്ള ഖണ്ഡത്തിൽ വീട് നിൽക്കുന്ന വിധത്തിലാകണം സ്ഥാനം വരേണ്ടത്. വസ്തുവിന്റെയും വീടിന്റെ മർമ്മം അഥവാ ബ്രഹ്മസ്ഥാനം കണ്ടെത്തി അത് ഒഴിച്ചിടുകയും വേണം. വാസ്തുകാരനെ കാണിച്ച് മുറികളുടെ സ്ഥാനം ഉറപ്പാക്കണം. മദ്ധ്യത്തിലോ, വീടിന്റെ മൂലകളിലോ വടക്കു കിഴക്ക് കോണിലോ യാതൊരു കാരണവശാലും ബാത്ത് റൂമുകൾ വരാതെ നോക്കണം.ഏറ്റവും വലുതായി വരേണ്ടത് മദ്ധ്യഭാഗത്ത് വരുന്ന ഹാളായിരിക്കണം. തെക്കുപടിഞ്ഞാറ് പ്രധാന കിടപ്പുമുറി അഥവാ മാസ്റ്റർ ബെഡ് റൂം ഉണ്ടാവണം. തെക്ക് കിഴക്കേ മൂലയിൽ തന്നെ അടുക്കള വേണം.അതില്ലെങ്കിൽ വടക്ക് പടിഞ്ഞാറെ മൂലയിൽ പണിയാം. വടക്ക് കിഴക്കേ മൂലയിലാണ് ഭൂരിഭാഗം വീടുകളിലും സാധാരണ അടുക്കള കണ്ടുവരുന്നത്. അത് വാസ്തുദോഷമുള്ളതാണെന്ന് പറയാതെ വയ്യ. വടക്ക് കിഴക്ക് അടുക്കള പണിയുമ്പോഴുണ്ടാവുന്ന പ്രധാന പോരായ്മ ഭാരക്കൂടുതലാണ്. വടക്ക് കിഴക്ക് പൊതുവെ ഭാരം കുറയേണ്ട മേഖലയാണ്. അവിടെ കിണർ കുഴിക്കുന്നതുപോലും അക്കാരണത്താലാണ്. അടുക്കളയിലെ സ്ലാബുകളും പാത്രങ്ങളും അടുപ്പും ഗ്യാസുമെല്ലാം ഭാരം കൂട്ടുന്നതാണ്. അത് ഒഴിവാക്കേണ്ടതാണ്. വടക്ക് കിഴക്ക് പൂജാമുറിയും അതിനോട് ചേർന്ന് കാർ പോർച്ചോ വരാന്തയോ ആവാം. വീടിന്റെ പ്ലാൻ വരയ്ക്കുമ്പോൾ ജനലുകളും കട്ടിളകളും പരമാവധി വടക്കു കിഴക്ക് ഭാഗങ്ങൾ കേന്ദ്രീകരിച്ച് വരാൻ ശ്രദ്ധിക്കണം. വടക്ക് പടിഞ്ഞാറു ഭാഗത്ത് കിടപ്പുമുറി ആവാം.അടുക്കളയോടടുത്ത് ഡൈനിംഗ് ഹാളും കിഴക്ക് ഭാഗത്തോ പടിഞ്ഞാറോ വടക്കോ, ഒക്കെ സ്വീകരണ മുറിയോ ആവാം.
യാതൊരു കാരണവശാലും വീടിനുള്ളിലെ ഊർജം തടസപ്പെടരുത്. തെക്ക് പടിഞ്ഞാറേ കോണിൽ നിന്ന് വടക്കു കിഴക്കോട്ടും. തെക്കുകിഴക്കേ കോണിൽ നിന്ന് വടക്കോട്ടും തെക്ക് മദ്ധ്യത്തു നിന്ന് നേർമദ്ധ്യത്തിൽ വടക്കോട്ടും തെക്കു കിഴക്കു നിന്ന നേർമദ്ധ്യത്തിൽ പടിഞ്ഞാറോട്ടും നിർബന്ധമായും ഊർജം തടയപ്പെടാതെ വിടണം. (സൂത്ര വേധം) അതിന് കട്ടിളയും ജനലും വയ്ക്കുമ്പോൾ വാസ്തുകാരനെയും വിളിക്കണം. ഭിത്തികളിൽ ചില തടസങ്ങളുണ്ടായാൽ അവിടെ ചെറിയ പൈപ്പിന്റെ ദ്വാരങ്ങളിട്ട് ക്രമപ്പെടുത്താം. വീട് പൂശിക്കഴിയുമ്പോൾ അത് പുറത്തു കാണുകയുമില്ല.അതു മല്ലെങ്കിൽ ഫ്ളവർ ചുവരുണ്ടാക്കുകയോ കഴിയുന്ന ഭിത്തികളിൽ പർഗോള ഉണ്ടാക്കുകയോ ചെയ്യാം. പുതിയ വീട് വയ്ക്കുന്നവർക്ക് ഇത് ആദ്യമേ ശരിയാക്കാം. ഇതിനകം പണിതു കഴിഞ്ഞ വീടുകളിൽ ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിലും പരിഹരിക്കാം.
സംശയങ്ങളും മറുപടിയും കോണിപ്പണി വടക്ക് സ്ഥാപിക്കാമോ?
കെ.കെ.സുരേന്ദ്രൻ,
അയർകുന്നം,കോട്ടയം
വീടിനുള്ളിലെ കോണിപ്പണികൾ ഒരിക്കലും വടക്ക് സ്ഥാപിക്കരുത്. അത് വലിയ ദോഷമാണ്. മാതൃഭാവം തകരുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ വലിയ ദേഷ്യക്കാരികളാകുകയും അവരുടെ ഉയർച്ചയും വീടിന്റെ മൊത്തത്തിലുള്ള ഉയർച്ചയെയും ബാധിക്കും. പടിഞ്ഞാറു ഭാഗത്ത് ക്ലോക്ക് വൈസായി വേണം സ്റ്റെയർ നിർമ്മിക്കേണ്ടത്. വടക്കു പടിഞ്ഞാറും ഇതേ ക്രമത്തിൽ പടി കെട്ടാം. സൗകര്യമില്ലെങ്കിൽ തെക്കു കിഴക്കിന്റെ കിഴക്കിൽ തള്ളി സൂത്രവേധമില്ലാതെ പണിയാം. മദ്ധ്യത്തിലോ, തെക്കു പടിഞ്ഞാറോ, വടക്ക് കിഴക്കോ യാതൊരു കാരണവശാലും പടി കെട്ടാൻ പാടില്ല.