ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു
കൊല്ലം: ലോക്ക് ഡൗൺ ഇളവുകൾ പൂർണതോതിൽ പ്രാബല്യത്തിൽ വന്നതോടെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്. പുറത്തിറങ്ങുന്നതിനും യാത്ര ചെയ്യുന്നതിനും നിയന്ത്രണങ്ങളില്ല. സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ, ചെറുകിട വസ്ത്രശാലകൾ, ഫാൻസി സ്റ്റോറുകൾ, ഫർണിച്ചർ മാർട്ടുകൾ, ഹോട്ടലുകളിലെ പാഴ്സൽ കൗണ്ടറുകൾ എന്നിവ സജീവമാണ്.
നിയന്ത്രണങ്ങൾ അയഞ്ഞ് വ്യാപാര കേന്ദ്രങ്ങൾ തുറന്നതോടെ ജോലി ചെയ്‌തിരുന്ന തൊഴിലാളികൾക്കും ആശ്വാസമായി. കശുഅണ്ടി ഫാക്ടറികൾ, നിർമ്മാണ ജോലികൾ, തൊഴിലുറപ്പ് ജോലികൾ എന്നിവ പുനരാരംഭിച്ചതോടെ സമൂഹത്തിന്റെ താഴെ തട്ടിലെ നൂറ് കണക്കിന് കുടുംബങ്ങളുടെ ദുരിതമൊഴിഞ്ഞ് തുടങ്ങി. ടാക്സികൾക്ക് മാത്രമാണ് സർവീസ് നടത്താൻ അനുമതി നൽകിയതെങ്കിലും ആട്ടോറിക്ഷകളെ തേടി യാത്രക്കാരെത്തുന്നുണ്ട്.
പൊലീസ് പരിശോധന കർശനമല്ലാത്ത മേഖലകളിൽ ആട്ടോകൾ സർവീസ് നടത്തുന്നത് ജനങ്ങൾക്കും തൊഴിലാളികൾക്കും ഒരു പോലെ പ്രയോജനമാണ്. തൊഴിൽ ശാലകൾ ഉണർന്ന് പൊതു ഇടങ്ങൾ സജീവമായതോടെ സമൂഹത്തിന്റെ വരുമാന ചക്രം വീണ്ടും ചലിച്ച് തുടങ്ങി. ഇതിന്റെ ഉണർവ് വിപണന - വ്യാപര കേന്ദ്രങ്ങളിലും പ്രകടമായി തുടങ്ങി.
നിരത്തിൽ അസാധാരണ തിരക്ക്
ലോക്ക് ഡൗൺ കാലമാണെങ്കിലും നിരത്തിലും പ്രധാന കവലകളിലും അസാധാരണ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പെൻഷൻ വിതരണം ഉൾപ്പെടെ നടക്കുന്നതിനാൽ ബാങ്കുകൾക്ക് മുന്നിൽ നിയന്ത്രണാതീതമായ ജനക്കൂട്ടമാണ്. സൂപ്പർ മാർക്കറ്റുകൾ, വ്യാപാര കേന്ദ്രങ്ങൾ, ബേക്കറികൾ, മത്സ്യ വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും അനുദിനം തിരക്കേറുന്നു. കാറുകൾ, ബൈക്കുകൾ എന്നിവ വൻ തോതിൽ നിരത്തിലിറങ്ങിയതോടെ ഗതാഗത കുരുക്കും പതിവായി.
മാസ്‌ക് ഇല്ല, സാമൂഹിക അകലവും
പൊലീസ് പരിശോധന ശക്തമായിരുന്ന ഘട്ടത്തിൽ മാസ്‌ക് ധരിക്കാതെ ഒരാൾ പോലും പുറത്തിറങ്ങിയിരുന്നില്ല. ഇന്നലെ ജില്ലയെമ്പാടും മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടി. മാസ്‌ക് കെട്ടിയാലും മൂക്ക് മറയ്‌ക്കാതെ നടക്കുന്നവരും ഏറെയാണ്. ഇളവുകൾ ആഘോഷമാക്കുന്നതിനിടെ സാമൂഹിക അകലം പാലിക്കാൻ എല്ലാവരും മറന്നു.
ഇളവുകളുടെ കാലത്ത് നിരത്തിൽ കണ്ടത്
1. ഹസ്‌തദാനവും ആലിംഗനവും തിരികെവരുന്നു
(സ്നേഹ പ്രകടനം ഇപ്പോൾ വേണ്ട, അൽപ്പം കാത്തിരിക്കാം)
2. മാസ്‌ക് ധരിക്കുന്നത് മൂക്കും വായും മറയ്‌ക്കാനാണ്
(മൂക്ക് പുറത്തിട്ട് മാസ്‌ക് കെട്ടുന്നവർ ഏറെ)
3. പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നില്ല
(കൂട്ടംകൂടിയാൽ പ്രതിരോധം പാളും)
4. ഇടയ്ക്കിടെ കൈകഴുകുന്ന കാര്യം പലരും മറന്നു
(മിക്ക കടകളിലും പൊതുസ്ഥലങ്ങളിലും ഹാന്റ് വാഷ് കോർണറില്ല)
''
സാമൂഹിക അകലം ഉറപ്പാക്കുക മാത്രമാണ് കൊവിഡ് പ്രതിരോധത്തിന് വേണ്ടത്. ആൾക്കൂട്ടം സൃഷ്ടിക്കാൻ ശ്രമിച്ചാൽ നിയമ നടപടി വേണ്ടി വരും.
ബി.അബ്ദുൽനാസർ
ജില്ലാ കളക്ടർ