shap

 കൈയിൽ കുപ്പി കരുതിയാൽ കള്ള് വാങ്ങാം

കൊല്ലം: കുടിയന്മാരുടെ ശ്രദ്ധയ്ക്ക്, ഇന്ന് ഷാപ്പുകൾ തുറക്കുമെന്ന് കരുതി 'ഫിറ്റാകാൻ' ഓടിവരേണ്ട, കൈയിൽ കുപ്പി കരുതിയാൽ കള്ള് കിട്ടും. ടച്ചിംഗ് ചോദിക്കരുത്, മുളകുടച്ചതുപോലും കിട്ടില്ല. കൊവിഡ് ഭീതിയിൽ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഷാപ്പ് കറികളും മറ്റ് ഭക്ഷ വിഭവങ്ങളും ഉണ്ടായിരിക്കില്ല.

ജില്ലയിൽ 233 കള്ളുഷാപ്പുകളുണ്ടെങ്കിലും ഇതിൽ 27 എണ്ണത്തിന് മാത്രമാണ് പ്രവർത്തനാനുമതി. ഇതിൽ എത്രയിടത്ത് കള്ളുണ്ടാകുമെന്ന് എക്‌സൈസിന് പോലും തിട്ടമില്ല!.

ഷാപ്പുകൾ തുറക്കുന്നത് നിരീക്ഷിക്കാൻ എക്‌സൈസ് സി.ഐമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കള്ളിന്റെ വിലയിലും ആശയക്കുഴപ്പമാണ്. ഷാപ്പുകാരാണ് ഒരു ലിറ്റർ കള്ള് എത്ര രൂപയ്ക്ക് വിൽക്കണമെന്ന് തീരുമാനിക്കുന്നത്. 80 -100 നും ഇടയിൽ വാങ്ങാമെന്നാണ് സർക്കാർ നിർദേശം. പാലക്കാട്ടുനിന്ന് വരുന്ന കള്ളിന്റെ വില അതാതിടത്തെ ചെലവ് ക്രമത്തിലാണ് തീരുമാനിക്കുന്നത്.
27 കള്ളുഷാപ്പുകളിൽ ഏറെയും കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി , ശാസ്താംകോട്ട പ്രദേശങ്ങളിലാണ്. ഒന്നര ലിറ്റർ കള്ളേ ഒരാൾക്ക് കിട്ടൂ. കള്ള് വാങ്ങാനെത്തുന്നവരെ ഷാപ്പിനുള്ളിൽ കയറ്റുകയുമില്ല. പ്രത്യേക വേലിക്കിപ്പുറം നിന്നുമാത്രമെ കള്ള് വാങ്ങാനാവൂ. സർക്കാർ നിർദേശത്തിൽ നിയന്ത്രണങ്ങളുള്ളതിനാൽ പല ലൈസൻസികളും ഷാപ്പ് തുറക്കാൻ മടിക്കുകയാണ്.

കള്ള് ഷാപ്പുകൾ

ജില്ലയിൽ: 233

പ്രവർത്തനാനുമതി: 27

വില: 80 -100 രൂപ (ഒരു ലിറ്റർ)

കൈവശം വയ്ക്കാവുന്നത്: 1.5 ലിറ്റർ

ഓടിച്ചാടി വരേണ്ട...

1. ഷാപ്പുകളിൽ തിരക്കിന് സാദ്ധ്യത

2. എക്‌സൈസ്, പൊലീസ് നിയന്ത്രണം

3. ഭൂരിഭാഗം ഷാപ്പുകളും അടഞ്ഞുതന്നെ

4. ഒരു സമയം ഷാപ്പിന് മുന്നിൽ അഞ്ചുപേർ മാത്രം

5. കൂടുതൽ കള്ള് വിറ്റുപോകുമെന്ന പ്രതീക്ഷ

''

ഷാപ്പിൽ കള്ളിനൊപ്പം കറിയും ഭക്ഷണവും കൂടി ചേർത്ത് വിറ്റാലേ അൽപ്പമെങ്കിലും ലാഭം കിട്ടുകയുള്ളൂ. ഭൂരിഭാഗം ഷാപ്പുകളും ഇക്കാരണത്താൽ തുറക്കുന്നില്ല.

റജി
ഷാപ്പ് ലൈസൻസി