കൊല്ലം: അമ്മയുടെ സുഹൃത്തായ യുവാവ് മകളെ ഗർഭിണിയാക്കി. പീഡനക്കേസെടുത്ത് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂവച്ചൽ പന്നിയോട് ഗീതുഭവനിൽ ചന്തുകുമാറിനെയാണ്(32) എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്. നാല്പതുകാരിയുമൊത്ത് താമസിച്ചുവന്നതാണ് ചന്തുകുമാർ.
രണ്ടാം ഭർത്താവ് എന്ന നിലയിലാണ് ഒൻപത് വർഷമായി ഇവിടെ താമസിപ്പിച്ചുവന്നത്. രണ്ട് പെൺകുട്ടികളടക്കം മൂന്ന് മക്കളാണ് നാല്പതുകാരിയ്ക്കുള്ളത്. ഇതിൽ ഇളയ പെൺകുട്ടി പ്ളസ് വണിന് പഠിക്കുന്ന 2015 കാലയളവിൽ ചന്തുകുമാർ നഗ്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തി. തുടർന്ന് ഈ ചിത്രങ്ങളും വീഡിയോയും ഫേസ് ബുക്കിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആ കാലയളവിൽത്തന്നെ പെൺകുട്ടിയെ പീഡിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി വരെയും ഇത് തുടർന്നു. ഇതിനിടയിൽ പെൺകുട്ടിയുടെ മാതാവ് ഈ പീഡനം നേരിൽ കണ്ടു. അതോടെ ചന്തുകുമാർ ഇവിടെ നിന്നും താമസം മാറി പോവുകയും ചെയ്തു. ഇപ്പോൾ 22 കാരിയാണ് മകൾ.
ചന്തുകുമാർ ഇവിടം വിട്ടുപോയ ശേഷമാണ് മകൾ ഗർഭിണിയാണെന്ന് വിവരം അമ്മ അറിഞ്ഞത്. തുടർന്ന് ഇവർ എഴുകോൺ പൊലീസിൽ പരാതി നൽകി. സി.ഐ ടി.ശിവപ്രകാശിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.