
26 മുതൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ
കൊല്ലം: വിദ്യാർത്ഥികളും പരീക്ഷാ കേന്ദ്രങ്ങളും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ തിരക്കിലേക്ക്. 26 മുതൽ 29 വരെ രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് ശേഷം എസ്.എസ്.എൽ.സി പരീക്ഷയും നടത്താനാണ് സർക്കാർ നിർദേശം. 21ന് വി.എച്ച്.എസ്.ഇ പരീക്ഷയും 22ന് പ്ലസ് വൺ പരീക്ഷയും ആരംഭിക്കും.
കൊവിഡ് കെയർ സെന്ററുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ കുട്ടികൾക്ക് അനുയോജ്യമായ സമീപത്തെ സ്കൂളുകളിൽ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കും. കൊവിഡ് വ്യാപന ഭീതിയെ തുടർന്ന് മാർച്ച് 19 നാണ് പരീക്ഷകൾ നിറുത്തിവച്ചത്. മാർച്ച് 26ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷൾ പൂർത്തീകരിക്കേണ്ടതായിരുന്നു. മുൻ വർഷങ്ങളിൽ എസ്.എസ്.എൽ.സി മൂല്യനിർണയം പൂർത്തീകരിച്ച് ഏപ്രിൽ അവസാന വാരത്തിൽ ഫലപ്രഖ്യാപനം നടത്തിയിരുന്നു.
തയ്യാറെടുത്ത് കുട്ടികൾ
ലോക്ക് ഡൗൺ കാലത്ത് പരീക്ഷകൾക്കായി കുട്ടികളെ സജ്ജരാക്കാൻ സാങ്കേതിക വിദ്യയുടെ സാദ്ധ്യമായ എല്ലാ വശങ്ങളും അദ്ധ്യാപകർ ഉപയോഗിക്കുന്നുണ്ട്. അദ്ധ്യാപക സംഘടനകളും കുട്ടികളെ പരിശീലിപ്പിക്കാൻ പ്രത്യേക പദ്ധതികൾ തയ്യാറാക്കി. കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകരുടെ കൂട്ടായ്മയിൽ രൂപമെടുത്ത hsslive.in എന്ന വെബ്സൈറ്റിൽ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളുടെ മാതൃകാ ചോദ്യപേപ്പറുകളും നോട്ടുകളും ലഭിക്കും. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അദ്ധ്യാപകർ മറുപടി നൽകും.
നടക്കാനുള്ള പരീക്ഷകൾ
എസ്.എസ്.എൽ.സി: ഗണിതശാസ്ത്രം, ഫിസിക്‌സ്, കെമിസ്ട്രി
പ്ലസ് ടു: ഗണിതശാസ്ത്രം, കമ്പ്യൂട്ടർ സയൻസ്, ബയോളജി, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബിസിനസ് സ്റ്റഡീസ്, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്