ഇരവിപുരം: കൊവിഡ് 19 രോഗവ്യാപക പശ്ചാത്തലത്തിൽ കാർഷിക മേഖലയെ സജീവമായി നിലനിറുത്തുന്നതിന് നബാർഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കാർഷിക വായ്പാ പദ്ധതി കൊല്ലൂർവിള സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ചു. പദ്ധതി പ്രകാരം ഒരു കർഷകന് പരമാവധി രണ്ട് ലക്ഷം രൂപ വരെ വായ്പയായി നൽകും. ഒരു വർഷ കാലാവധിയിൽ 6.8 ശതമാനം പലിശ നിരക്കിൽ സ്വർണ പണയത്തിലോ വസ്തു ജാമ്യത്തിലോ ആണ് വായ്പ നൽകുന്നത്.
ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ജനറൽ മാനേജർ ഇൻ ചാർജ് ആർ. ശ്രീകുമാർ വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അൻസർ അസീസ്, സെക്രട്ടറി പി.എസ്. സാനിയ, അസി. സെക്രട്ടറി റിയാസ്, അസി. ഡയറക്ടർ കൃഷ്ണകുമാർ, ഉല്ലാസ് എന്നിവർ പങ്കെടുത്തു.