poli
പുനലൂർ ടൗണിൽ വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് ശ്രീരാമപുരം മാർക്കറ്റ് റോഡിൽ വൺവേ സംവിധാനങ്ങളിലൂടെ വാഹനങ്ങൾ കടത്തി വിടുന്നു

പുനലൂർ: ലോക്ക് ഡൗണിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെ പുനലൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം സജീവമാകുന്നു. ഇതിനൊപ്പം നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഒന്നര മാസത്തോളം അടഞ്ഞു കിടന്ന ചെറുതും വലുതുമായ 200 ഓളം വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ ടൗൺ പഴയ നിലയിലേക്ക് മടങ്ങുകയാണ്. ഇലക്ട്രിക്ക്, സാനിറ്ററി സ്റ്റോഴ്സ്, വസ്ത്ര വ്യാപാര ശാലകൾ, സ്റ്റേഷനറി, പലചരക്ക്, പച്ചക്കറി കടകൾ, മൊബൈൽ ഫോൺ കടകൾ തുടങ്ങിയവ തുറന്നു. എന്നാൽ ജുവലറികൾ, ബാർബർ ഷോപ്പുകൾ, വിദേശമദ്യ ചില്ലറ വില്പന ശാലകൾ തുടങ്ങിയവ അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങളുടെ വർദ്ധനവ് കണക്കിലെടുത്ത് പട്ടണത്തിലെ ചൗക്ക, മാർക്കറ്റ് റോഡുകളിലെ വൺവേ സംവിധാനം പൊലീസ് പുനസ്ഥാപിച്ചു. ബസ് സർവീസ് പുനരാരംഭിക്കാത്തതിനാൽ ഗ്രാമ പ്രദേശങ്ങളിലുള്ളവർക്ക് പുനലൂരിലെ ശ്രീരാമപുരം മാർക്കറ്റിലെത്തി സാധനങ്ങൾ വാങ്ങാനും കാർഷിക ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനും കഴിയുന്നില്ല.