kunnathur-
കുന്നത്തൂർ ഞാങ്കടവ് പാലത്തിനു സമീപം ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

കുന്നത്തൂർ: കുന്നത്തൂർ ഞാങ്കടവ് പാലത്തിന് സമീപം പ്രളയത്തിൽ അടിഞ്ഞുകൂടിയ മമൽ നീക്കം ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമായതോടെ മേഖലയിൽ ഉന്നത് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിസ്ഥിതിലോല പ്രദേശമായ ഞാങ്കടവിൽ ഖനനം നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കർമസമിതി ചെയർമാൻ അയണിപിള്ളി മനോജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്ന് കൊല്ലം കളക്ടറോട് ഹൈക്കോടതി റിപ്പോർട്ട് തേടി. ഇന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. തുടർന്നാണ് ഇന്നലെ ജില്ലാ ജിയോളജി വകുപ്പ്, വാട്ടർ അതോറിറ്റി, കുന്നത്തൂർ വില്ലേജ് ഓഫീസർ എന്നിവർ സംയുക്തമായി പരിശോധനയ്ക്കെത്തിയത്.

ഖനനമേഖല അതീവ ദുർബല പ്രദേശം

ഞാങ്കടവ് പാലവും ഖനനം നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഭാഗവും തമ്മിൽ വെറും 124 മീറ്റർ മാത്രമാണ് ദൂരവ്യത്യാസമെന്നും കേസിലെ കക്ഷിയായ കുഴയ്ക്കാമണ്ണിൽ വീട്ടിൽ നാരായണപിള്ളയുടെ വീടും കല്ലടയാറും തമ്മിൽ 22 മീറ്റർ വ്യത്യാസവുമാണ് ഉള്ളതെന്ന് പരിശോധനയിൽ കണ്ടെത്തി. പാലങ്ങളോട് ചേർന്ന് 200 മീറ്റർ ദൂരത്തിൽ നിന്നും ഖനനം പാടില്ലെന്ന വ്യവസ്ഥ അട്ടിമറിക്കുന്നതാണ് നിലവിലെ ഖനന ഉത്തരവ് ഖനനം നടന്നാൽ ഒരു പ്രദേശം തന്നെ വെള്ളത്തിനടിയിലാകുമെന്നും പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്നുമാണ് നാട്ടുകാർ പറയുന്നത്.