dengue

 12 പേർ ചികിത്സ തേടി

പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ വേനൽ മഴ വ്യാപകമായതോടെ ഡെങ്കിപ്പനി ബാധിച്ച് 12 പേർ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഏരൂർ പഞ്ചായത്തിൽ നിന്ന് ഒൻപതുപേരും പുനലൂർ നഗരസഭയിലെ പ്ലാച്ചേരി, കലയനാട് വാർഡുകളിൽ നിന്ന് രണ്ടുപേരും ഇടമുളയ്ക്കൽ നിന്ന് ഒരാളുമാണ് ചികിത്സ തേടിയത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് തിരക്ക് കുറഞ്ഞിരുന്ന താലൂക്ക് ആശുപത്രിൽ തിങ്കളാഴ്ച 1000 ലധികം രോഗികളാണ് ഒ.പിയിലെത്തിയത്. ഇന്നലെ 800 ലധികം രോഗികളെത്തി. കാലവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഡെങ്കിപ്പനി പടരാൻ കാരണം. തോട്ടം മേഖലയോട് ചേർന്ന് താമസിക്കുന്നവരാണ് പനി ബാധിതരായി ചികിത്സയിൽ കഴിയുന്നവരിൽ ഏറെയും. വേനൽ ആരംഭിച്ചതോടെ കൊതുകുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതാണ് ഡെങ്കിപ്പനി പടരാൻ കാരണം. ശുചീകരണത്തിന് പുറമെ കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിച്ചില്ലെങ്കിൽ പനി വ്യാപകമാകാൻ കാരണമാകും. ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി നിൽക്കുന്നതിനാൽ പകർച്ച വ്യാധികൾക്കെതിരെ മുൻ വർഷങ്ങളിൽ നടത്താറുള്ള രോഗ പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണവും ആരംഭിച്ചിട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

''

ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് ഏരൂർ പഞ്ചായത്തിൽ നിന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുപേർ അസുഖം ഭേദമായി മടങ്ങി.

ഡോ.ആർ.ഷാഹിർഷ, സൂപ്രണ്ട്

പുനലൂർ ഗവ. താലൂക്ക് ആശുപത്രി

പൊതുജനം ജാഗ്രത പാലിക്കണം

കൊല്ലം: ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. വീടും പരിസരവും എന്നും വൃത്തിയായി സൂക്ഷിക്കണം. ചിരട്ടകൾ, കുപ്പി, പാത്രങ്ങൾ, ചട്ടികൾ തുടങ്ങിയവ നീക്കം ചെയ്യുകയോ കമഴ്ത്തി വയ്ക്കുകയോ ചെയ്യണം.
ഉപയോഗ ശൂന്യമായ ടയറുകൾ വലിച്ചെറിയാതെ മണ്ണിട്ട് നിറയ്ക്കുകയോ ഫലപ്രദമായി മ​റ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്യണം. പൂച്ചട്ടികളുടെ അടിയിലെ ട്രേകളിലുള്ള വെള്ളം നീക്കം ചെയ്യുകയോ ആന്റി ലാർവൽ ആയ പദാർത്ഥങ്ങൾ ഉപയോഗിക്കുകയോ ചെയ്യണം.
നിരന്തരം ഉപയോഗിക്കാത്ത കക്കൂസുകളുടെ വാട്ടർ സീൽ ആഴ്ചയിൽ ഒരു തവണയെങ്കിലും ഫ്‌ളഷ് ചെയ്ത് കൂത്താടികളെ നശിപ്പിക്കണം. ഫ്രിഡ്ജിൽ നിന്ന് ഡീഫ്രോസ്​റ്റ് ചെയ്ത് ശേഖരിക്കപ്പെടുന്ന വെള്ളം ആഴ്ചയിൽ ഒരിയ്ക്കലെങ്കിലും നിർബന്ധമായും നീക്കം ചെയ്യണം.