covid
കൊവിഡ്

കൊല്ലം: നാലു വയസുകാരനായ മിസ്ഹബ് പിഞ്ചുനാവ് കൊണ്ട് ഫോണിൽ ഉമ്മാ എന്ന് വിളിക്കുമ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ ചികിത്സയിലുള്ള ഹഫ്സ തേങ്ങിത്തുടങ്ങും. പിന്നെ അതൊരു പൊട്ടിക്കരച്ചിലാകും. നഴ്സുമാർ ഏറെ പ്രയാസപ്പെടും ഹഫ്സയെ ആശ്വസിപ്പിക്കാൻ. നാൽപ്പത്തൊന്ന് ദിവസമായി മെഡിക്കൽ കോളേജിലെ വാർഡിന്റെ ചുമരുകളിൽ പ്രതിധ്വനിക്കുകയാണ് ഹഫ്സയുടെ തേങ്ങൽ.

നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഭർത്താവ് അബ്ദുൾ ഖാദറിനൊപ്പം പോയ ഹഫ്സ മുംബയ് സന്ദർശനവും കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് മടങ്ങിയെത്തിയത്. മുംബയിൽ നിന്ന് തിരിക്കുമ്പോഴേ നാടാകെ കൊവിഡ് ഭീതിയിലായിരുന്നു. അതിനാൽ അബ്ദുൾ ഖാദറിന്റെ വാപ്പയും ഉമ്മയും മിസ്ഹബിനെയും കൂട്ടി ചടയമംഗലത്തെ വീട്ടിലേക്ക് പോയി. മാർച്ച് 23 ന് മടങ്ങിയെത്തിയ ഹഫ്സയ്ക്ക് ഏപ്രിൽ 2 നും രണ്ട് ദിവസത്തിന് ശേഷം അബ്ദുൾ ഖാദറിനും കൊവിഡ് സ്ഥിരീകരിച്ചു.

മിസ്ഹബ് ഇത്രയും ദീർഘകാലം ഉമ്മയെ പിരിഞ്ഞിരിക്കുന്നത് ആദ്യമാണ്. തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങാമെന്ന സൂചന നഴ്സുമാരിൽ ചിലർ നൽകിയതു കേട്ട് ഹഫ്സ തുണിയെല്ലാം ബാഗിൽ നിറച്ച് കാത്തിരുന്നു. പക്ഷെ കൊവിഡ് പരിശോധനാ ഫലം വീണ്ടും പോസിറ്റീവാണെന്നറിഞ്ഞ ഹഫ്സ തളർന്നു. ഇതുവരെ 12 തവണ ഹഫ്സയുടെ സ്രവം പരിശോധനയ്ക്കയച്ചു. പലപ്പോഴായി നാല് തവണ നെഗറ്റീവായെങ്കിലും തൊട്ടടുത്ത ഫലം പോസിറ്റീവാകും. പക്ഷെ,​ ഇതുവരെ ഒരു രോഗലക്ഷണവുമില്ല. പോസിറ്റീവായി തുടരുന്നതിന്റെ കാരണം ചികിത്സിക്കുന്ന ഡോക്ടർമാർക്കും കൃത്യമായി പറയാനാകുന്നില്ല. ഹഫ്സയുടെ സ്രവം ഇന്ന് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കും.

പ്രാക്കുളം സ്വദേശിയായ 43 കാരിയുടെ സ്ഥിതിയും സമാനമാണ്. സഹോദരീ ഭർത്താവിന് രോഗം സ്ഥിരീകരിച്ച മാർച്ച് 27ന് കൊവിഡ് വാർഡിൽ എത്തിയതാണ്. 31ന് വൈകിട്ട് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചിട്ട് 44 ദിവസവും ആശുപത്രിയിലെത്തിയിട്ട് 48 ദിവസവും പിന്നിടുന്നു. 13 തവണ സ്രവം പരിശോധിച്ചു. ഫലമെല്ലാം പോസിറ്റീവാണ്. എല്ലാ ദിവസവും ഇന്ന് പോകാമെന്ന പ്രതീക്ഷയിലാണ് ഉണരുന്നത്. നഴ്സുമാരുടെ മുഖം കാണുമ്പോൾ മനസിലാകും നടക്കില്ലെന്ന്. നാളെ പോകാമെന്ന പ്രതീക്ഷയിൽ ഒരോ ദിവസവും തള്ളി നീക്കുകയാണ് ഇവർ.

ഹഫ്സയില്ലാതെ എങ്ങനെ മടങ്ങും

ഇന്നലെ വൈകിട്ട് തന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് അറിഞ്ഞപ്പോൾ അബ്ദുൾ ഖാദറിന്റെ മുഖത്ത് ചിരി പടർന്നു. പെട്ടെന്ന് ചോദിച്ചു. ഹഫ്സയ്ക്കോ ?. ഡോക്ടർ തല കുനിച്ചപ്പോൾ അബ്ദുൾ ഖാദറിന് കാര്യം മനസിലായി. 'അവളില്ലാതെ ഞാൻ വീട്ടിലേക്ക് പോകുന്നില്ല.' അബ്ദുൾ ഖാദർ തറപ്പിച്ച് പറഞ്ഞു. " ആശുപത്രി അധികൃതർ നിർബന്ധിച്ചാൽ ഇന്ന് വീട്ടിലേക്ക് പോകും. അല്ലെങ്കിൽ ഞാനിവിടെ വരാന്തയിൽ കിടക്കും." അബ്ദുൾ ഖാദർ പറഞ്ഞു. ഏപ്രിൽ നാലിനാണ് അബ്ദുൾ ഖാദറിന് കൊവിഡ് സ്ഥിരീകരിച്ചത്. 12 തവണ സ്രവം പരിശോധിച്ചു. ഹഫ്സയെപ്പോലെ ഇടയ്ക്കിടെ ഫലം പോസിറ്റീവ് ആകുകയായിരുന്നു.