അഞ്ചൽ: 51.5 കിലോഗ്രാം തൂക്കവും 97 സെന്റി മീറ്റർ നീളം!. ജോൺകുട്ടിയുടെ പുരയിടത്തിലെ ഈ തേൻവരിക്ക ചക്ക കണ്ട് ആരും കണ്ണുവയ്ക്കേണ്ട. അസാധാരണ തൂക്കവും നീളവുമുള്ള ചക്ക വിളഞ്ഞ് പാകമായത് ഗിന്നസിലേക്കാണ്!. ഇടമുളയ്ക്കൽ നെടുവിള പുത്തൻവീട്ടിൽ ജോൺകുട്ടിയുടെ വീട്ടുവളപ്പിൽ വിളഞ്ഞ ചക്കയാണ് ഇപ്പോൾ അയൽപക്കങ്ങളിലെ സംസാര വിഷയം.
ചക്ക റെക്കാഡ് തകർത്ത് ഗിന്നസിൽ കയറുമെന്നാണ് ജോൺകുട്ടി പറയുന്നത്. നിലവിൽ 2016ൽ പൂനെയിൽ നിന്നുള്ള 42.72 കിലോഗ്രാം തൂക്കവും 57.15 സെന്റി മീറ്റർ നീളവുമുള്ള ചക്കയാണ് ലോക ഗിന്നസ് റെക്കാഡിലുള്ളത്.
അസാധാരണ വലിപ്പം ഉള്ളതിനാൽ ബന്ധുക്കളുടെ സഹായത്തോടെ ജോൺകുട്ടി ചക്ക കെട്ടിയിറക്കുകയായിരുന്നു. തുടർന്ന് ഗിന്നസ്, ലിംക ബുക്ക് ഒഫ് റിക്കാഡ്സ് അധികാരികളെ വിവരം അറിയിച്ചു. കൃഷി ഓഫീസറും ബന്ധപ്പെട്ട അധികൃതരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. അടുത്ത ദിവസം ഗിന്നസ് അധികൃതർ എത്തുമെന്ന് ജോൺകുട്ടിയെ ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയിലെ ജീവനക്കാരനാണ് ജോൺകുട്ടി.