garbage

 രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു

കൊല്ലം: കണ്ണനല്ലൂരിലെ വിവിധ സ്ഥലങ്ങളിൽ അറവുമാലിന്യം തള്ളിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ മാലിന്യം കൊണ്ടുവന്ന രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

പെരുമ്പുഴ റിയാസ് മൻസിലിൽ നവാസ് (31), പെരുമ്പുഴ പണയിൽ പുത്തൻവീട്ടിൽ ഷമീർ (34), വാഹനത്തിന്റെ ഉടമ കിളികൊല്ലൂർ അമ്പലത്തുവിള വീട്ടിൽ ഷമീർ (36) എന്നിവരെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 9ന് രാത്രിയാണ് നെടുമ്പന പഞ്ചായത്തിലെ പുന്നൂർ കോളനി ജംഗ്ഷൻ മുതൽ നല്ലില ഇ.എസ്.ഐ ജംഗ്ഷൻ വരെ വീടുകൾക്ക് മുന്നിലായി ഇവർ അറവുമാലിന്യം വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയത്. സി.സി.ടി.വി ദൃശ്യങ്ങളുടെയും പരിസരവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് വാഹനങ്ങൾ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനും പഞ്ചായത്ത് ആക്ട് പ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തു.

 അനധികൃത അറവുശാലകൾ; റിപ്പോർട്ട് നൽകി

നെടുമ്പന പഞ്ചായത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അറവുശാലകൾക്കെതിരെ സ്റ്റേഷൻ ഹൗസ് ഓഫീസർ പഞ്ചായത്തിന് റിപ്പോർട്ട് നൽകി. അനധികൃത അറവുശാലകൾക്കെതിരെ വരുംദിവസങ്ങളിൽ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് സി.ഐ യു.പി. വിപിൻകുമാർ അറിയിച്ചു.