2000-currency-

കൊല്ലം: കനറാ ബാങ്ക് ആനന്ദവല്ലീശ്വരം ശാഖയിലെ ഇരുപതോളം അക്കൗണ്ട് ഉടമകളുടെ രണ്ട് ലക്ഷത്തിലേറെരൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായെന്ന് പരാതി. ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് മിക്കവരുടെയും പണം നഷ്ടമായത്. 2,000 മുതൽ 2,500 രൂപ വരെ നാല് തവണയായി പിൻവലിച്ചെന്ന സന്ദേശമാണ് പലർക്കും ലഭിച്ചത്.

ബാങ്ക് അധികൃതരുടെ നിർദേശാനുസരണം തട്ടിപ്പിനിരയായവർ കൊല്ലം വെസ്റ്റ് പൊലീസിൽ പരാതി നൽകി. മിക്കവർക്കും 8,000 മുതൽ 10,000 വരെ നഷ്ടമായപ്പോൾ ഒരാൾക്ക് 30,000ത്തോളം രൂപ നഷ്ടമായെന്ന് പൊലീസ് പറഞ്ഞു. ദുബായ് സൊമാറ്റോയ്‌ക്ക് വേണ്ടി പണം പിൻവലിച്ചെന്നാണ് മിക്ക സന്ദേശങ്ങളിലുമുള്ളത്. തട്ടിപ്പിന്റെ കേന്ദ്രം രാജ്യത്തിനു പുറത്താണെന്നാണ്

അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

മൈക്രോ ചിപ്പ് ഘടിപ്പിച്ച മാസ്റ്റർ കാർഡ് ഉടമകളുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായതെന്നും പ്രത്യേക സീരീസിൽ വരുന്ന ഇത്തരം കാർഡുകൾ ബാങ്ക് ബ്ലോക്ക് ചെയ്തതായും പൊലീസ് പറഞ്ഞു. പൊലീസിന്റെ സൈബർ വിഭാഗത്തിന് അന്വേഷണം കൈമാറിയിട്ടില്ല. കൂടുതൽ പേർക്ക് പണം നഷ്ടമായിട്ടുണ്ടോയെന്ന് കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്.

''ഇരുപതോളം പേരാണ് പരാതി നൽകിയത്. വിശദമായ അന്വേഷണം നടക്കുന്നുണ്ട് ''

എസ്.ഷൈൻ,

എസ്.ഐ, കൊല്ലം വെസ്റ്റ്