വലിയ ബോട്ടുകൾക്ക് അനുമതിയില്ല
കൊല്ലം: കടലിൽ പോകാൻ അനുമതി ലഭിക്കാത്ത വലിയ ബോട്ടുകളിലെ പതിനായിരത്തോളം തൊഴിലാളികൾ കരയിൽ തിരയെണ്ണി കാത്തിരിക്കുന്നു. സർക്കാർ അനുമതി നൽകിയാലും ഇവരുടെ ബോട്ടുകൾ പെട്ടെന്ന് കടലിലേക്ക് കുതിക്കില്ല. കാരണം ബോട്ടുകളെ തിര മുറിച്ച് നയിക്കാൻ സ്രാങ്കുകളില്ല.
വലിയ ബോട്ടുകളുടെ സ്രാങ്കുകളിലധികവും തമിഴ്നാട്ടുകാരാണ്. തമിഴ്നാട്ടിൽ കൊവിഡ് വ്യാപാനം നിയന്ത്രാണതീതമായതിനാൽ തീരദേശ പൊലീസ് കടൽ വഴിയും ഇവർ എത്താൻ അനുവദിക്കുന്നില്ല. തീരദേശമാകെ കൊവിഡ് വ്യാപിക്കുമെന്ന ആശങ്കയുള്ളതിനാൽ ബോട്ടുടമകളും അവരെ കൊണ്ടുവരാൻ ശ്രമിക്കുന്നില്ല. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മാർച്ച് 24നാണ് ബോട്ടുകൾ മത്സ്യബന്ധനം നിറുത്തിയത്. ലോക്ക് ഡൗണിൽ ഇളവുകൾ അവനുവദിച്ചതോടെ 64 അടി വരെ നീളമുള്ള ബോട്ടുകൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. ഈ നീള പരിധിക്കുള്ളിൽ വരുന്ന 300 ഓളം ബോട്ടുകളാണ് ഇപ്പോൾ കടലിൽ പോകുന്നത്. 65 മുതൽ 80 അടി വരെ നീളമുള്ള 700 ഓളം ബോട്ടുകൾ ഇപ്പോഴും കടൽ കാണാനാകാതെ കിടക്കുകയാണ്. 65 അടി വരെ നീളമുള്ള ബോട്ടുകളിൽ 5 മുതൽ 10 വരെ തൊഴിലാളികളാണുള്ളത്. 80 അടി വരെ നീളമുള്ള ബോട്ടുകളിൽ 15 തൊഴിലാളികൾക്ക് ജോലി ലഭിക്കും.
വരുന്നൂ, ട്രോളിംഗ് വറുതി
ജൂൺ 10 മുതൽ പതിവ് പോലെ പട്രോളിംഗ് നിരോധനം ആരംഭിക്കും. 9 വരെയേ കടലിൽ പോകാനാകൂ. 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലായ് 31നേ അവസാനിക്കു. ഇതോടെ ഇപ്പോൾ കടലിൽ പോകുന്ന ബോട്ടുകളിലെ തൊഴിലാളികളും പട്ടിണിയാകും. ഇത്രയും കാലം കടലിൽ പോകാൻ കഴിയാത്ത സാഹചര്യത്തിൽ ട്രോളിംഗ് നിരോധ കാലയളവ് വെട്ടിച്ചുരുക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
ആകെ രജിസ്റ്റർ ചെയ്ത ബോട്ടുകൾ: 1300
മത്സ്യബന്ധനത്തിൽ സജീവമായുള്ളത്: 1000
തൊഴിലാളികൾ: 10,000
കടലിൽ പോകുന്നത്: 300
തീരത്ത് കിടക്കുന്നത്: 700