sheelu

ലോക നഴ്സസ് ദിനമായിരുന്നു ഇന്നലെ. ഭൂമിയിലെ മാലാഖമാരെന്നാണ് നഴ്സുമാ‍രെ ഏവരും വിളിക്കുന്നത്. ലോകത്തിലുള്ള എല്ലാ മാലാഖാമാർക്കും ആശംസകൾ അറിയിച്ചുകൊണ്ട് നടി ഷീലു എബ്രാഹാമും രംഗത്തെത്തിയിരുന്നു. നടിയാകും മുമ്പ് താനും ഒരു നഴ്സായിരുന്നുവെന്ന് ഷീലു പറയുന്നു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ട് നമ്മുടെയെല്ലാം ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം കുടുംബത്തെയും മക്കളെയും വിട്ടകന്ന് രാപ്പകലില്ലാതെ അദ്ധ്വാനിക്കുന്ന ഒരുപാട് ദൈവത്തിന്‍റെ മാലാഖാമാരുണ്ട് അവരുടെയൊക്കെ ആരോഗ്യത്തിനായി ആത്മാർത്ഥമായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു.

ലോകമെമ്പാടും ഒരുപാട് കോണുകളിൽ ഇരുന്ന് നമുക്ക് വേണ്ടി പണിയെടുക്കുന്ന എല്ലാ നഴ്‌സുമാർക്കും ഹൃദയത്തിന്റെ ഭാഷയിൽ ആദരവ് അർപ്പിക്കുന്നു, ബിഗ് സല്യൂട്ടെന്നും ഷീലു ഫേസ് ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്. നഴ്സായി ജോലി ചെയ്യുന്ന കാലഘട്ടത്തിലെ ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. ആ ചിത്രത്തിനൊപ്പം ഞാനും ഒരു നഴ്സ് ആയിരുന്നു. അതിൽ അഭിമാനിക്കുന്നു എന്ന് കുറിച്ചിട്ടുണ്ട്.

പഠനത്തിന് ശേഷം ഷീലു ഹെെദരാബാദ്, കുവെെറ്റ്, മുംബയ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തോടെയാണ് നഴ്സിംഗ് ജോലി വിട്ടത്. വ്യവസായിയും നിർമാതാവുമായ അബ്രഹാം മാത്യുവാണ് ഷീലുവിന്റെ ഭർത്താവ്. 2013 ൽ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു അഭിനയരം​ഗത്ത് എത്തിയത്. മം​ഗ്ലീഷ്, ഷി ടാക്സി, കനൽ, സോളോ, പുതിയ നിയമം, പുത്തൻ പണം, കനൽ, ശുഭരാത്രി തുടങ്ങിയ ചിത്രങ്ങളിൽ ഷീലു അഭിനയിച്ചു. അമി​ഗോസ്, മരട്, പൊൻ മാണിക്കവേൽ തുടങ്ങിയവയാണ് ഷീലുവിന്റെ വരാനിരിക്കുന്ന സിനിമകൾ.