അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് എന്ന യുവ സംവിധായകന് കുറച്ചൊന്നുമല്ല ആരാധകർ. ആട്, അലമാര, ആൻമരിയ കലിപ്പിലാണ്, അര്‍ജന്‍റീന ഫാൻസ് കാട്ടൂര്‍ക്കടവ് തുടങ്ങി അതുവരെ ചെയ്ത സിനിമകളെല്ലാം ആളുകൾക്ക് ഇഷ്ടപ്പെട്ടെങ്കിലും അഞ്ചാം പാതിര സമ്മാനിച്ച ഹാംഗ്ഓവർ ഒന്ന് വേറെ തന്നെയാണ്. അതാവാം മിഥുൻ സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റിട്ടാലും നൂറുനൂറു കമന്റുകളുമായി ആളുകളെത്തുന്നത്.
ഇപ്പോഴിതാ മിഥുൻ പങ്കുവെച്ചിരിക്കുന്ന ചക്കമുറിക്കുന്ന ചിത്രത്തിലും അഞ്ചാം ഹാംഗ്ഓവറിലുള്ള കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഷേക്ക് ഉണ്ടാക്കാനൊന്നും തൽക്കാലം വയ്യ.. !! അൽപ്പം പരമ്പരാഗത ചക്കപ്പുഴുക്ക് ആവാം.. !! ചക്ക ഉയിര്‍ എന്നു കുറിച്ചുകൊണ്ടാണ് ചക്ക മുറിക്കുന്ന ചിത്രം മിഥുൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമെത്തി.
ഇന്ന് രാത്രി ചക്കപ്പുഴുക്കും കഴിച്ച് നന്നായി ഉറങ്ങിക്കോളൂ മിഥുൻ. ചക്ക മടൽ 'ആടിന്' കൊടുത്തിട്ട് ബാക്കി ഉള്ളത് 'അലമാരയിൽ' എടുത്ത് വയ്ക്കാം എന്നിട്ട് 'ആൻമരിയ' വരുമ്പോൾ ഒരുമിച്ച് 'അഞ്ചാം പാതിരക്ക്' കഴിക്കാം, തുടങ്ങി രസകരമായ കമന്‍റുകളാണ് ചിലർ ചിത്രത്തിന് താഴെ ഇട്ടിരിക്കുന്നത്.. ഒരു അഞ്ചാം പാതിരാ 2 ചെയ്താലോ. വീടുകൾ തോറും കയറി ചക്ക മോഷ്ടിച്ചു, സീരിയൽ കില്ലിംഗ് നടത്തുന്ന ഒരു സൈക്കോ... ചക്ക സൈക്കോ, ചക്കക്കുരു ഷേക്ക് ഉണ്ടാക്കി ലൈക് വാങ്ങുന്ന യൂഷ്വൽ സൈക്കോ പാത്ത് അല്ല ഞാൻ.
എന്‍റെ ചക്ക ഇടലും ചക്ക പൊളിക്കലും എന്‍റെ സ്വകാര്യതയാണ്, ഓരോ ചക്ക പറിക്കുമ്പോഴും അത് അവസാനത്തേത് എന്ന് പ്ലാവിനെ തെറ്റിദ്ധരിപ്പിക്കുന്ന സൈക്കോ ഡയറക്ടർ. ഇത്തരത്തിൽ അഞ്ചാം പാതിര ഹാങ്ങോവറിലുള്ള കമന്‍റുകളാണ് ഏറെയും.