photo
അറസ്റ്റിലായ പ്രതികൾ

കൊല്ലം: ഓയൂർ ജംഗ്ഷനിൽ ആട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. ഓയൂർ മീയന കൃഷ്ണവിലാസത്തിൽ അനിൽകുമാറിനെയാണ് (45) മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഓയൂർ തണ്ണീർക്കടി റെയ്‌ഹാൻ മൻസിലിൽ സലാഹുദ്ദീൻ (52), റിയാസ് മൻസിലിൽ റിയാസ് (30), തണ്ണീർകുടി അൻസിയ മൻസിൽ അൻഷാദ് (22) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഓയൂർ ജംഗ്ഷനിൽ വച്ചാണ് ആക്രമണമുണ്ടായത്. ഓയൂർ സ്റ്റാൻഡിലെ ആട്ടോ ഡ്രൈവറായ അനിൽകുമാറിന്റെ ആട്ടോ വിളിച്ച് തണ്ണീർകുടി സ്വദേശികളായ സ്ത്രീകൾ ഓട്ടം പോയിരുന്നു.

ആട്ടോക്കൂലിയായി 500 രൂപയുടെ നോട്ട് നൽകിയപ്പോൾ ബാക്കി കൊടുക്കാൻ ചില്ലറ ഇല്ലെന്ന് പറഞ്ഞ് ഇരുകൂട്ടരും വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. എന്നാൽ, വീട്ടിൽ മടങ്ങിയെത്തിയ സ്ത്രീകൾ ആട്ടോ ഡ്രൈവർ തങ്ങളോട് അപമര്യാദയായി പെരുമാറിയതായി ബന്ധുക്കളോട് പറഞ്ഞു. തുടർന്ന് സംഘടിച്ചെത്തിയ സംഘം ജംഗ്ഷനിൽ ആട്ടോയിൽ ഇരുന്ന അനിൽകുമാറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് അനിൽ കുമാറിന്റെ ബന്ധുക്കളും സംഘടിച്ച് ജംഗ്ഷനിലെത്തിയതോടെ സംഘർഷാവസ്ഥയായി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് എഴുകോൺ സി.ഐ ടി.ശിവപ്രകാശ്, പൂയപ്പള്ളി എസ്.ഐ രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.