കൊല്ലം: കൊവിഡ് 19 മൂലം കഷ്ടപ്പെടുന്നവർക്ക് ശാസ്താംകോട്ട വേണാട് ടൂറിസം സഹകരണസംഘം അഞ്ചിന അതിജീവന പാക്കേജ് പ്രഖ്യാപിച്ചു.ഗൾഫ് നാടുകളിലുള്ള സംഘത്തിലെ അംഗങ്ങൾക്ക് നാട്ടിലേക്ക് വരാൻ സൗജന്യമായി വിമാന ടിക്കറ്റ് നൽകുന്നതാണ് പ്രധാന പദ്ധതി. കൂടാതെ കൊല്ലം ജില്ലക്കാരായ എല്ലാ പ്രവാസികളുടേയും വിവിധ ആവശ്യങ്ങൾക്ക് എംബസികളിലും മറ്റും സമർപ്പിക്കേണ്ട രേഖകൾക്കുള്ള നോട്ടറി അറ്റസ്റ്റേഷനുകൾ സൗജന്യമായി ചെയ്തു കൊടുക്കും. മടങ്ങിയെത്തുന്ന ജില്ലയിലെ പ്രവാസികൾക്ക് സഹകരണ, ടൂറിസം വകുപ്പുകളുമായി ചേർന്ന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകും. ടൂറിസം മേഖലയിൽ സംരംഭകരാകാൻ താൽപ്പര്യമുള്ള പ്രവാസികൾക്ക് പരിശീലനം നൽകുന്നതിനും പദ്ധതിയുണ്ട്.
പ്രവാസികളെ സഹായിക്കാൻ 'നാട്ടിലൊരു കൂട്ടുകാരൻ'എന്ന പേരിൽ ഹെൽപ്പ് ഡെസ്ക് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.സഹായം ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ 9447506222. ടിക്കറ്റ് ആവശ്യമുള്ള അംഗങ്ങൾ ഉടൻ തന്നെ ശാസ്താംകോട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന വേണാട് ടൂറിസം വികസന സഹകരണ സംഘവുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് തോമസ് വൈദ്യൻ അറിയിച്ചു.