കൊല്ലം: കൊവിഡിന്റെ പിടി വിട്ടുതുടങ്ങിയെങ്കിലും സുരക്ഷാ സംവിധാനങ്ങൾ പാലിച്ചേ മതിയാകൂവെന്ന് ജില്ലാ ഭരണകൂടം ആവർത്തിച്ച് പറയുമ്പോഴും കൊല്ലത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കൂടുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഇന്നലെ 343 പേർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായി. കൊല്ലം റൂറൽ, സിറ്റി പൊലീസ് സ്റ്റേഷനുകളിലായി 252 കേസുകൾ രജിസ്റ്റർ ചെയ്ത് 196 വാഹനങ്ങൾ പിടിച്ചെടുത്തു.
കൊല്ലം സിറ്റി പൊലീസിന്റെ വിവിധ സ്റ്റേഷൻ പരിധികളിൽ പ്രതിഷേധങ്ങൾ സംഘിടിപ്പിച്ചതിനാണ് 77 പേർക്കെതിരെ കേസെടുത്തത്. വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, ഹെഡ് പോസ്റ്റ് ഓഫീസ്, ബി.എസ്.എൻ.എൽ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു കോൺഗ്രസ് പ്രതിഷേധം. കൊല്ലം തങ്കശേരിയിൽ നിയന്ത്രണങ്ങൾ അവഗണിച്ച് വീട്ടിൽ കുട്ടികൾക്കായി ട്യൂഷൻ ക്ലാസുകൾ തുടങ്ങിയ തങ്കശേരി സ്വദേശിനിക്കെതിരെയും പൊലീസ് കേസെടുത്തു. നിരത്തുകളിൽ പൊലീസ് എപ്പോഴും സജീവമായി ഇടപെടുന്നുണ്ട്. ഇളവുകൾ അനുഗ്രഹമാക്കി കൂടുതൽ വാഹനങ്ങൾ നിരത്തിലെത്തുന്നുണ്ട്. ഒരു മാസത്തിലേറെ വാഹനം ഓടിക്കാതിരുന്നവർ വീണ്ടും നിരത്തിലേക്ക് എത്തുന്നതിന്റെ ബുദ്ധിമുട്ടുകളും അപകടങ്ങളും ഏറുകയാണ്. ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽട്ട് ഇടാതെയുമാണ് കൂടുതൽപേരും നിരത്തിലേക്ക് വാഹനങ്ങളിൽ എത്തുന്നത്. കർശന പരിശോധനയ്ക്ക് സിറ്റിയിലും റൂറലിലും നിർദ്ദേശം നൽകിയിട്ടുണ്ട്.
'വിദേശരാജ്യങ്ങൾ, അയൽ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തി ഗൃഹ നിരീക്ഷണത്തിലും സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും കഴിയുന്നവർ പുറത്തിറങ്ങരുത്. വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ അറിയിച്ചു. കൊല്ലം റൂറൽ, സിറ്റി രജിസ്റ്റർ ചെയ്ത കേസുകൾ: 74, 178, അറസ്റ്റിലായവർ: 118, 225, പിടിച്ചെടുത്ത വാഹനങ്ങൾ: 73, 123, മാസ്ക് ധരിക്കാത്ത 68 പേർക്ക് നോട്ടീസ്