കൊല്ലം: കൊവിഡ് ഭീതി അകലുന്നതിനാൽ കാപ്പെക്സിന്റെ പത്ത് കശുഅണ്ടി ഫാക്ടറികളും നാളെ മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് ചെയർമാൻ പി.ആർ. വസന്തൻ അറിയിച്ചു. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും ഫാക്ടറികളുടെ പ്രവർത്തനം. ഒറ്റ, ഇരട്ട നമ്പർ ക്രമീകരണത്തിൽ 50 ശതമാനം തൊഴിലാളികളെ മാത്രമായിരിക്കും പ്രവേശിപ്പിക്കുന്നത്. തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ പ്രവേശിപ്പിക്കുകയുള്ളൂ. മുഴുവൻ തൊഴിലാളികൾക്കും മാസ്കും കൈയുറയും കാപ്പെക്സ് നൽകും.
സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് മാത്രമേ ഇരിപ്പിടങ്ങൾ ക്രമീകരിക്കുകയുള്ളൂ. എല്ലാ ഫാക്ടറികളും പരിസരവും സ്റ്റാഫുകളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. ഈ വർഷം തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനാവശ്യമായ തോട്ടണ്ടി സംഭരണം ഉൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചെയർമാൻ അറിയിച്ചു.