കൊല്ലം: ബൈക്കപകടത്തിൽ മരിച്ച വൈദ്യുതി ബോർഡ് സബ് എൻജിനീയറുടെ മൃതദേഹം സംസ്കരിച്ചു. കെ.എസ്.ഇ.ബി പത്തനംതിട്ട സെക്ഷനിലെ സബ് എൻജിനീയർ ചവറ ശ്രുതി ഭവനത്തിൽ (കുരുവേലിക്കാട്ടിൽ) ശ്രീതുവിന്റെ (31) മൃതദേഹമാണ് നെയ്യാറ്റിൻകരയിലെ ഭർത്തൃവീട്ടുവളപ്പിൽ സംസ്കരിച്ചത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ വലിയ ആൾക്കൂട്ടമില്ലാതെ ചടങ്ങുകൾ പരിമിതപ്പെടുത്തുകയായിരുന്നു. സഹപ്രവർത്തകരും അടുത്ത ബന്ധുക്കളുമാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ അടൂർ ആനന്ദപ്പള്ളിക്ക് സമീപമായിരുന്നു അപകടം. ശ്രീതുവിന്റെ സഹോദരൻ അയ്യപ്പന്റെ ബൈക്കിന് പിന്നിലിരുന്ന് ഓഫീസിലേക്ക് പോവുകയായിരുന്നു ശ്രീതു. കാട്ടുപൂച്ച കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു. റോഡിൽ തലയടിച്ച് വീണ ശ്രീതുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയ്യപ്പന് നിസാര പരിക്കേറ്റിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ചവറയിലെ വീട്ടിലെത്തിച്ച മൃതദേഹം രാത്രി എട്ടോടെ ഭർത്താവ് സുഭാഷ് കുമാറിന്റെ (എക്സൈസ്) കുളത്തൂർ ഉച്ചക്കട ശ്രീമംഗലം വീട്ടിലേക്ക് മാറ്റുകയായിരുന്നു. മക്കൾ: ശിവേദ് നാരായണൻ, തീർത്ഥ.