ലോക്ക് ഡൗൺ നീണ്ടാൽ ജൂൺ മുതൽ ചെറിയ ക്ലാസുകളിലും ഓൺലൈൻ പഠനം
കൊല്ലം: വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നവ്യാനുഭവം പകർന്ന് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. 9 മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മേയ് ആദ്യവാരം മുതൽ ക്ലാസുകൾ തുടങ്ങി. അദ്ധ്യാപകർ തങ്ങളുടെ വീടുകളിലിരുന്ന് പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്ക് തങ്ങളുടെ കമ്പ്യൂട്ടർ സ്ക്രീനിലൂടെ ക്ലാസ് മുറിയിലെന്ന പോലെ അനുഭവിക്കാം. രണ്ടര മുതൽ നാല് മണിക്കൂർ വരെയാണ് ക്ലാസുകൾ. ദിവസവും കുറഞ്ഞത് രണ്ട് വിഷയങ്ങളെങ്കിലും അദ്ധ്യാപകർ പഠിപ്പിക്കും. സ്കൂളിലേത് പോലെ ഹാജർ വിളിച്ചാണ് ക്ലാസുകൾ തുടങ്ങുന്നത്. ഓരോ സ്കൂളും ഓൺലൈൻ പഠനത്തിന് തങ്ങളുടേതായ സംവിധാനങ്ങൾ രൂപ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൗൺ നീണ്ട് ക്ലാസുകൾ ജൂണിൽ ആരംഭിക്കാൻ കഴിയാതായാൽ ചെറിയ ക്ലാസുകളിലും ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനാണ് ശ്രമം. ആദ്യ ഘട്ടത്തിൽ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ സാധാരണ ക്ലാസ് മുറികൾ പോലെ കുട്ടികൾക്കും അദ്ധ്യാപകർക്കും പരിചിതമായി. കുട്ടികൾക്ക് സംശയം ചോദിക്കാനും കുട്ടികളോട് അദ്ധ്യാപകന് ചോദ്യം ചോദിക്കാനുമൊക്കെ അവസരമുണ്ട്.
പൊതുവിദ്യാലയങ്ങളിലും ഓൺലൈൻ ക്ലാസ്
ജൂൺ മുതൽ പൊതുവിദ്യാലയങ്ങളിലും ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കമ്പ്യൂട്ടറോ ലാപ്ടോപ്പോ ഉള്ള കുട്ടികളെ സംബന്ധിച്ച് അദ്ധ്യാപകർ പ്രാഥമിക വിവര ശേഖരണം നടത്തിയിരുന്നു. സാധാരണക്കാരുടെ വീടുകളിലെല്ലാം ആധുനിക ഓൺലൈൻ പഠന സങ്കേതങ്ങളില്ലെന്നതിനാൽ ക്ലാസുകൾ പൂർണ തോതിൽ നടത്താൻ പൊതുവിദ്യാലയങ്ങൾക്ക് പരിമിതിയുണ്ട്. അദ്ധ്യയന വർഷം ആരംഭിക്കാൻ വൈകിയാൽ ശനിയാഴ്ചകളിൽ ഉൾപ്പെടെ ക്ലാസ് നടത്തി പാഠഭാഗങ്ങൾ പൂർത്തീകരിക്കാനാണ് സാദ്ധ്യത.
...............................................
ഒരടി മുന്നിലെത്താൻ ഓൺലൈൻ
1. ഓൺലൈൻ ക്ലാസുകൾക്ക് വൻ സ്വീകാര്യത
2. ലോക്ക് ഡൗണിന് ശേഷം അവധി ദിനങ്ങളിൽ ഓൺലൈൻ ക്ളാസ്
3. അവധി ദിനങ്ങളിൽ സ്കൂളിലെത്തേണ്ടി വരുന്നില്ല
4. അതിരാവിലെയോ സന്ധ്യയ്ക്കോ ക്ലാസ് നടത്താം
5. പ്രഗത്ഭ അദ്ധ്യാപകരുടെ ക്ലാസുകൾ ലഭ്യമാക്കാം
പുസ്‌തക വിൽപ്പന തുടങ്ങി
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിൽ പുതിയ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ സ്‌കൂളിലെത്തി വാങ്ങാൻ കഴിഞ്ഞ ദിവസങ്ങളിൽ രക്ഷാകർത്താക്കൾക്ക് സന്ദേശം ലഭിച്ചു. പൊതുവിദ്യാലയങ്ങളിൽ പുസ്തകങ്ങളുടെ പി.ഡി.എഫ് കോപ്പി രക്ഷകർത്താക്കൾക്ക് മുൻകൂട്ടി വാട്ട്സ് ആപ്പ് വഴി ലഭിച്ചിരുന്നു. ആദ്യ പാഠങ്ങളുടെ പ്രിന്റ് എടുത്ത് കുട്ടികളെ രക്ഷിതാക്കളും പഠിപ്പിച്ച് തുടങ്ങി.
''
ഓൺലൈൻ ക്ലാസ് അനുഭവം മികച്ചതാണ്. ഇത്തരം ക്ലാസുകൾക്ക് കൂടുതൽ പ്രോത്സാഹനം അനിവാര്യമാണ്.
വി.എസ്. അശ്വതി
സി.ബി.എസ്.ഇ സ്കൂൾ അദ്ധ്യാപിക
.............................